ചെന്നൈ :- പാസഞ്ചർ തീവണ്ടികൾ പൂർണമായി ആരംഭിക്കാത്തതിനാൽ കേരളത്തിന്റെ വടക്കൻ പ്രദേശങ്ങളിലേക്കുള്ള യാത്രാദുരിതം രൂക്ഷമായി തുടരുന്നു. ഷൊർണൂരിനും മംഗളൂരുവിനും ഇടയിൽ ഇരുപതോളം പാസഞ്ചർ തീവണ്ടികളുണ്ടെങ്കിലും കൗണ്ടറുകളിൽനിന്ന് ടിക്കറ്റെടുത്ത് യാത്ര ചെയ്യാൻ കഴിയുന്ന എതാനും പാസഞ്ചർ തീവണ്ടികൾ മാത്രമേ സർവീസ് നടത്തുന്നുള്ളൂ. ഇവ ഹാൾട്ട് സ്റ്റേഷനുകളിൽ നിർത്താറില്ല. ഷൊർണൂരിനും മംഗളൂരുവിനുമിടയിൽ പതിനഞ്ചിലധികം ഹാൾട്ട് സ്റ്റേഷനുകളുണ്ട്. റെയിൽവേ ജീവനക്കാരില്ലാത്ത ഈ സ്റ്റേഷനുകളിൽ സ്വകാര്യ എജൻസികളാണ് ടിക്കറ്റ് വിതരണം ചെയ്തിരുന്നത്. ഇപ്പോൾ ഈ സംവിധാനവുമില്ല.
അതോടൊപ്പം പാസഞ്ചർ തീവണ്ടികളിൽ അൺ റിസർവ്ഡ് ടിക്കറ്റിങ് സിസ്റ്റം (യു.ടി.എസ്. ഓൺ മൊബൈൽ) വഴി ടിക്കറ്റ് എടുക്കാവുന്ന സംവിധാനവും നിർത്തിവെച്ചിരിക്കയാണ്. യു.ടി.എസ്. ടിക്കറ്റുപയോഗിച്ച് എക്സ്പ്രസ് തീവണ്ടികളിൽ കയറുന്ന യാത്രക്കാരെ എവിടെ ഇരുത്തുന്നുമെന്നാണ് അധികൃതർ ചോദിക്കുന്നത്.