കബളിപ്പിക്കപ്പെട്ട ടിക്കറ്റുമായി പരിയാത്തെ ലോട്ടറി വിൽപനക്കാരനായ പി.ജി. മോഹനൻ
മയ്യിൽ :- ലോട്ടറിടിക്കറ്റിലെ നമ്പർ തിരുത്തി പണം തട്ടുന്ന സംഘം പരിയാരത്തും പയ്യാവൂരിലും നിടിയേങ്ങയിലും കമ്പിലും തട്ടിപ്പ് നടത്തിയതായി തെളിഞ്ഞു. പയ്യാവൂരിൽ മധ്യവയസ്കയായ ലോട്ടറിവിൽപ്പനക്കാരിയുടെ 3000 രൂപയും നിടിയേങ്ങയിലെ വിൽപ്പനക്കാരന്റെ 2000 രൂപയും കമ്പിൽ ടൗണിലെ വിൽപ്പനക്കാരന്റെ 2000 രൂപയുമാണ് തട്ടിയെടുത്തത്.
തിങ്കളാഴ്ച ശ്രീകണ്ഠപുരത്തെ ലോട്ടറി ഏജന്റ് പി.വി. ജനാർദനന്റെ 1000 രൂപ സമാനരീതിയിൽ തട്ടിയെടുത്തിരുന്നു. ലോട്ടറിടിക്കറ്റിന്റെ അവസാന നാല് അക്കം തിരുത്തിയാണ് പണം തട്ടിയത്.
പരിയാരം കണ്ണോം അഞ്ചിങ്ങലിലെ പി.ജി. മോഹനന്റെ 7760 രൂപയാണ് രണ്ടുപേർ ചേർന്ന് കഴിഞ്ഞ ദിവസം തട്ടിയെടുത്തത്. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന് സമീപത്തുവെച്ചാണ് സംഭവം. ടിക്കറ്റ് വില്പനയ്ക്കിടെ രണ്ടുപേർ മോഹനനെ സമീപിച്ച് കാരുണ്യ പ്ലസ് ലോട്ടറിയുടെ പി.പി. 660370 ടിക്കറ്റ് നൽകുകയും 8000 രൂപ സമ്മാനമുണ്ടെന്ന് അറിയിക്കുകയും ചെയ്തു. മോഹനൻ ടിക്കറ്റ് പരിശോധിച്ചപ്പോൾ സമ്മാനാർഹമാണെന്ന് മനസ്സിലായി. ഇവർ 760 രൂപയ്ക്ക് വീണ്ടും ടിക്കറ്റെടുക്കുകയും 240 രൂപ ചായകുടിക്കാനെടുത്ത് ബാക്കി ഏഴായിരം തന്നാൽ മതിയെന്നും പറഞ്ഞു. അതുപ്രകാരം മോഹനൻ ഇവർക്ക് ഏഴായിരം രൂപയും നൽകി. സ്ഥിരമായി ലോട്ടറിടിക്കറ്റുകൾ വാങ്ങുന്ന പഴയങ്ങാടിയിലെ ശ്രേയസ് ലോട്ടറി ഏജൻസിയിൽ ഈ ടിക്കറ്റ് നൽകിയപ്പോൾ നമ്പറിൽ പിശകുള്ളതായി ഏജൻസിക്കാർ കണ്ടെത്തുകയായിരുന്നു. വീണ്ടും സ്കാൻചെയ്തുനോക്കിയപ്പോൾ അവസാനത്തെ അക്കം ആറ് ആയിരുന്നുവെന്നും പൂജ്യമാക്കി തിരുത്തിയതാണെന്നും മനസ്സിലായി. അപ്പോഴാണ് താൻ കബളിപ്പിക്കപ്പെട്ടതായി മോഹനൻ തിരിച്ചറിഞ്ഞത്. പരിയാരം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഒരുസ്ഥലത്ത് തട്ടിപ്പ് നടത്തിയശേഷം മറ്റൊരു സ്ഥലത്തേക്ക് മാറുകയാണ് സംഘത്തിന്റെ പതിവ്. നമ്പർ തിരുത്തുന്നതിന് കളർ ഫോട്ടോസ്റ്റാറ്റ് സംവിധാനവും ഇവർ ഉപയോഗപ്പെടുത്തുന്നുണ്ടെന്ന സംശയവും ഉയർന്നിട്ടുണ്ട്.
ഇരയാവുന്ന ലോട്ടറി വിൽപ്പനക്കാർ ഏറെയും പ്രായമായവരാണെന്നതാണ് സങ്കടകരമായ വസ്തുത..അനാരോഗ്യംമൂലം മറ്റു ജോലികൾ ചെയ്യാനാവാതെ ലോട്ടറിടിക്കറ്റ് വില്പന ഉപജീവനമാക്കിയവരാണ് ഏറെയും. ഏജൻസിക്കാരിൽനിന്ന് കടമായി ലോട്ടറി വാങ്ങി നടന്നു വിൽപ്പന നടത്തുന്ന ഇവരിൽ പലരും രോഗവും പ്രാരാബ്ദങ്ങളും പേറിയാണ് ലോട്ടറി വിറ്റ് ഉപജീവനം തേടുന്നത്.. പ്രായാധിക്യം കാരണം ഇവർക്ക് വ്യാജലോട്ടറി തിരിച്ചറിയാൻ സാധിക്കില്ലെന്ന് മനസ്സിലാക്കിതന്നെയാണ് ഇവരെ ഇങ്ങനെ വഞ്ചിക്കുന്നത്.