മയ്യിൽ:-യാതൊരു മുന്നറിയിപ്പും ഇല്ലാതെ ഉടമകൾ ചെങ്കല്ലിന് വില വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് കൈവിലയ്ക്ക് ചെങ്കൽ പണയിൽ നിന്നും കല്ലുകൾ വാങ്ങി വിതരണം ചെയ്യുന്ന വാഹന ഡ്രൈവർമാരും, തൊഴിലാളികളും പണയിൽ നിന്നും കല്ലുകൾ കയറ്റി വരുന്ന ചെങ്കൽ ഉടമകളുടെ ലോറികൾ തടഞ്ഞു.
സാധാരണ കല്ലിന് വില വർധിക്കുന്ന അവസ്ഥയിൽ ദിവസങ്ങൾക്ക് മുൻപേ അറിയിപ്പ് നൽകുമായിരുന്നു. എന്നാൽ ഇത്തവണ മുന്നറിയിപ്പ് ഇല്ലാതെയാണ് കല്ലിന് വില വർധിപ്പിച്ചത്.
പണയിൽ ചെന്ന് ഉടമകൾക്ക് പണം നൽകി കല്ല് കയറ്റി അന്യനാടുകളിലേക്ക് കൊണ്ടു പോകുന്ന വാഹന ഡ്രൈവർമാരും, തൊഴിലാളികളും ഇതോടെ ദുരിതത്തിലായി. നേരത്തേ കല്ല് ഇറക്കിയിരുന്ന സ്ഥലങ്ങളിൽ നിന്നും വർധിപ്പിച്ച വില ലഭിക്കുന്നില്ലെന്ന് ഇവർ പറയുന്നു.
പരസ്യപ്പെടുത്താതെ കല്ലൊന്നിന് മൂന്ന് രൂപ നിരക്കിലാണ് മുതലാളിമാർ വർധിപ്പിച്ചത്. ഇത് അന്യായമാണെന്ന് കൈവിലയ്ക്ക് പണയിൽ നിന്നും കല്ലുകൾ വാങ്ങി ഉപഭോക്താക്കൾക്ക് എത്തിക്കുന്ന വാഹന ഉടമകളും, തൊഴിലാളികളും പറയുന്നു.
മയ്യിൽ എട്ടേയാറിൽ വച്ച് സംയുക്ത സമര സമിതി നേതൃത്വത്തിലാണ് പണകളിൽ നിന്നും ചെങ്കല്ലും കയറ്റി വരുന്ന വാഹനങ്ങൾ തടഞ്ഞത്. കെ.മിഥുൻ, എ.പി.ഹാരീസ്, സി.ഷിബിൻ, എം.സജീവൻ, ബിജു അയനത്ത് എന്നിവർ നേതൃത്വം നൽകി.