മട്ടന്നൂർ: ഡൽഹിയിൽ റിപ്പബ്ലിക്ദിന പരേഡിൽ പങ്കെടുക്കാൻ ഉരുവച്ചാൽ പെരിഞ്ചേരി സ്വദേശി കെ.എ. ഗായത്രിയും. മട്ടന്നൂർ പഴശ്ശിരാജ എൻ.എസ്.എസ്. കോളേജിലെ രണ്ടാംവർഷ സുവോളജി വിദ്യാർഥിനിയായ ഗായത്രി എൻ.എസ്.എസ്. വൊളന്റിയറാണ്. എൻ.എസ്.എസിനെ പ്രതിനിധാനംചെയ്ത് കണ്ണൂർ, കാസർകോട് ജില്ലകളിൽനിന്ന് റിപ്പബ്ലിക്ദിന പരേഡിലേക്ക് തിരഞ്ഞെടുത്ത ഏക വിദ്യാർഥിനി കൂടിയാണ് ഗായത്രി. പരേഡിന് മുന്നോടിയായുള്ള ക്യാമ്പിൽ പങ്കെടുക്കാനായി ഗായത്രി ചൊവ്വാഴ്ച ഡൽഹിയിലേക്ക് തിരിക്കും.
സംസ്ഥാനത്തുനിന്ന് ഇക്കുറി എട്ടു വിദ്യാർഥികളാണ് റിപ്പബ്ലിക്ദിന പരേഡിൽ പങ്കെടുക്കാൻ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. കഥകളി കലാകാരിയായ ഗായത്രിക്ക് പരേഡിന്റെ ഭാഗമായി നടക്കുന്ന സാംസ്കാരിക പരിപാടിയിൽ കഥകളി അവതരിപ്പിക്കാൻ അവസരം ലഭിക്കും.
എൻ.സി.സി.യിൽ അംഗമല്ലാത്ത ഗായത്രി പരേഡ് ഉൾപ്പടെയുള്ളവയിൽ പ്രത്യേക പരിശീലനം നേടിയാണ് റിപ്പബ്ലിക്ദിന പരേഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മദ്ദളകലാകാരനായ കെ.എ. സതീശൻ നമ്പൂതിരിയുടെയും തലശ്ശേരി പി.ഡബ്ല്യു.ഡി. ഓഫീസിലെ ജീവനക്കാരി എ.പി. സന്ധ്യയുടെയും മകളാണ്.