കൊളച്ചേരിയുടെ വികസന മുരടിപ്പ് എൽ ഡി എഫ് ഭരണ നേട്ടം ജനങ്ങളിൽ എത്താതിരിക്കാനുള്ള യു ഡി എഫ് തന്ത്രത്തിൻ്റെ ഭാഗം - ടി കെ ഗോവിന്ദൻ മാസ്റ്റർ


കൊളച്ചേരി :-
എൽ ഡി എഫ്  സർക്കാർ വിവിധങ്ങളായ വികസന പദ്ധതികൾ നടത്തി മുന്നോട്ട് പോകുന്ന ഘട്ടത്തിൽ അവയെ തുരങ്കം വയ്ക്കാനും അവ ജനങ്ങളിൽ എത്തിക്കാതെ ജനരോഷം ഉയർത്താനുമുള്ള യു ഡി എഫ് തന്ത്രത്തിൻ്റെ ഭാഗമാണ് കൊളച്ചേരി പഞ്ചായത്തിൻ്റെ വികസന മുരടിപ്പിന് കാരണമെന്ന് സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി കെ ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

സി പി എം കൊളച്ചേരി, ചേലേരി ലോക്കൽ കമ്മിറ്റികൾ  സംയുക്തമായി കൊളച്ചേരി പഞ്ചായത്ത് ഓഫീസിനു മുന്നിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

രാഷ്ട്രീയത്തിനതീതമായി നാടിൻ്റെ വികസന പ്രവർത്തനങ്ങൾക്ക് ഭരിക്കുന്നവർ  മുന്നിട്ടിറങ്ങണമെന്നും വികസന പദ്ധതികൾ ആസൂത്രണം ചെയ്ത് അവ നടപ്പിലാക്കാൻ ഭരണാധികാരികൾ ശ്രദ്ധിക്കണമെന്നും പറഞ്ഞ അദ്ദേഹം കൊളച്ചേരി പഞ്ചായത്ത് ഭരണസമിതി കൈകൊള്ളുന്ന വികസന വിരുദ്ധ നിലപാടുകളെ കുറ്റപ്പെടുത്തുകയും ചെയ്തു.

എൽ ഡി എഫ് സർക്കാറിൻ്റെ വികസന  നയങ്ങളെ തകർക്കാനാണ് യു ഡി എഫ് ശ്രമിക്കുന്നത്.ദേശീയപാതാ വികസനം ഇല്ലാതാക്കാൻ വയൽ ക്കിളികളെ ഇറക്കിയവർ ഇപ്പോൾ എവിടെയെന്ന് അദ്ദേഹം ചോദിച്ചു. കെ റെയിലിനെതിരെ ഇപ്പോൾ ഇതേ ആൾക്കാർ പ്രക്ഷോഭമായി ഇറങ്ങിയിരിക്കുകയാണ്. എൽ ഡി എഫ് സർക്കാർ കെ റെയിൽ പദ്ധതിയുമായി മുന്നോട്ടു പോവുക തന്നെ ചെയ്യുമെന്ന് അദ്ദേഹം കൂട്ടിചേർത്തു.

ഗ്രാമീണ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ സർക്കാർ വിവിധ പദ്ധതികളും ഫണ്ടും നൽകുമ്പോൾ അത് സ്വീകരിക്കാതെ ഇവിടെ വികസനം വേണ്ട എന്ന നിലപാടാണ് കൊളച്ചേരി പഞ്ചായത്ത് ഭരണസമിതി സ്വീകരിക്കുന്നതെന്നും മൃതദേഹത്തോടു പോലും അനാദരവ് കാണിക്കുകയാണെന്നും പാതിവഴിയിലായ വാതകശ്മശാനത്തിൻ്റെ പണി പൂർത്തിയാക്കാൻ പഞ്ചായത്ത് തയ്യാറാവണമെന്നും ടി കെ ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

ചേലേരി, കൊളച്ചേരി ലോക്കൽ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ കൊളച്ചേരി പറമ്പിൽ നിന്നും കരിങ്കൽ കുഴിയിൽ നിന്നും പ്രകടനമായി പഞ്ചായത്ത് ഓഫീസിനു മുന്നിൽ എത്തിച്ചേരുകയായിരുന്നു.

സി പി എം ചേലേരി ലോക്കൽ സെക്രട്ടറി കെ അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.സി പി എം ജില്ലാ കമ്മിറ്റി അംഗം കെ ചന്ദ്രൻ, മയ്യിൽ ഏരിയാ സെക്രട്ടറി എൻ അനിൽ കുമാർ, ഏരിയാ കമ്മിറ്റി അംഗം എം ദാമോദരൻ എന്നിവർ സംസാരിച്ചു.

സി പി എം ലോക്കൽ സെക്രട്ടറി കെ രാമകൃഷ്ണൻ മാസ്റ്റർ  സ്വാഗതം പറഞ്ഞു.

പ്രതിഷേധ ധർണ്ണ പൂർണ്ണമായും കാണാൻ  kolachery Varthakal എന്ന ഞങ്ങളുടെ facebook profile സന്ദർശിക്കുക.....









Previous Post Next Post