പിടി തോമസിൻ്റെ വിയോഗം വിശ്വസിക്കാനാവാതെ രാഷട്രീയ കേരളം , നഷ്ടമായത് പരിസ്ഥിതിക്ക് വേണ്ടി ശക്തമായ നിലപാടെടുത്ത ജനകീയ മുഖം

 


ചെന്നൈ:- തികച്ചും ആകസ്മികമായി എത്തിയ തൃക്കാക്കര എംഎൽഎ പി.ടി.തോമസിൻ്റെ നിര്യാണ വാർത്ത വിശ്വസിക്കാൻ പോലുമാവാതെ രാഷ്ട്രീയ കേരളം. അർബുദ രോഗബാധയെ തുടർന്ന് ഒരു മാസത്തിലേറെയായി വെല്ലൂർ സിഎംസി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ രാവിലെ 10.15ന് ആയിരുന്നു മരണം. മൃതദേഹം തീവ്രപരിചരണ വിഭാഗത്തിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്.

നാലു തവണ എംഎൽഎയും ഒരു തവണ എംപിയുമായി. കെപിസിസി വർക്കിങ് പ്രസിഡന്റായിരുന്നു. ഭാര്യ: ഉമ തോമസ്, മക്കൾ: വിഷ്ണു തോമസ്, വിവേക് തോമസ്.

ഇടുക്കി ജില്ലയിലെ രാജമുടിയിലെ ഉപ്പുതോട് പുതിയപറമ്പിൽ തോമസിന്റെയും അന്നമ്മയുടെയും മകനായി 1950 ഡിസംബർ 12ന് ജനിച്ചു. തൊടുപുഴ ന്യൂമാൻ കോളജ്, തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ്, എറണാകുളം മഹാരാജാസ് കോളജ്, എറണാകുളം ഗവ.ലോ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

സ്കൂളിൽ പഠിക്കുമ്പോൾ കെഎസ് യു   വി ലൂടെയാണ് പി.ടി.തോമസ് രാഷ്ട്രീയ പ്രവർത്തനമാരംഭിച്ചത്. കെഎസ് ഇടുക്കി ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. 1980ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി. 2007 ൽ ഇടുക്കി ഡിസിസി പ്രസിഡന്റായി.

കെപിസിസി നിർവാഹക സമിതി അംഗം, എഐസിസി അംഗം, യുവജനക്ഷേമ ദേശീയ സമിതി ഡയറക്ടർ, കെഎസ മുഖപത്രം കലാശാലയുടെ എഡിറ്റർ, ചെപ്പ് മാസികയുടെ എഡിറ്റർ, സാംസ്കാരിക സംഘടനയായ സംസ്കൃതിയുടെ സംസ്ഥാന ചെയർമാൻ, കേരള ഗ്രന്ഥശാലാ സംഘം എക്സിക്യൂട്ടീവ് അംഗം തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.

1991, 2001 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തൊടുപുഴയിൽ നിന്നും 2016 ലും 2021 ലും തൃക്കാക്കരയിൽ നിന്നും ജയിച്ചു. 2009 ൽ ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ നിന്നു ജയിച്ച് എംപിയായി. 1996, 2006 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തൊടുപുഴയിൽ പി.ജെ.ജോസഫിനോട് പരാജയപ്പെട്ടു.

പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച് എക്കാലവും ശക്തമായ നിലപാടുകളെടുത്തിട്ടുള്ളയാളാണ് പി.ടി.തോമസ്. ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണമെന്ന തോമസിന്റെ നിലപാടിനെതിരെ കടുത്ത എതിർപ്പുയർന്നപ്പോഴും അദ്ദേഹം ഉറച്ചുനിന്നു. കിറ്റെക്സ് കമ്പനിയുടെ പ്രവർത്തനം കടമ്പയാർ മലിനപ്പെടുത്തിയെന്ന തോമസിന്റെ ആരോപണവും തുടർന്നുണ്ടായ വിവാദങ്ങളും വാർത്തകളിൽ നിറഞ്ഞിരുന്നു. 'എഡിബിയും പ്രത്യയശാസ്ത്രങ്ങളും എന്ന പുസ്തകം രചിച്ചിട്ടുണ്ട്.

ശ്രദ്ധേയനായ പാര്‍ലമെന്റേറിയനെയാണ് പി ടി തോമസിന്റെ  വിയോഗത്തിലൂടെ നഷ്‌ടപ്പെട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍   അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

രാഷ്‌ട്രീയ നിലപാടുകള്‍ മുന്‍ നിര്‍ത്തി നിയമസഭക്കകത്തും പുറത്തും വിഷയങ്ങള്‍ അവതരിപ്പിച്ച വ്യക്തിയായിരുന്നു പിടി തോമസ്. മികച്ച പ്രസംഗകനും സംഘാടകനുമായിരുന്നു പി ടി തോമസ്‌ എന്നും മുഖ്യമന്ത്രി പറഞ്ഞു.


കോണ്‍ഗ്രസ് പ്രസ്ഥാനത്തെ സംബന്ധിച്ച് തീരാനഷ്ടത്തിന്റെ ദിനമാണിന്ന്, എനിക്ക് വ്യക്തിപരമായി ജേഷ്ഠ സഹോദരനെയാണ് നഷ്ടമായത്. നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാത്ത കോണ്‍ഗ്രസ് പോരാളി, എക്കാലത്തും ശരിയുടെ പക്ഷമായിരുന്നു പി.ടിയുടേത്  എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അനുസ്മരിച്ചു.

പരിസ്ഥിതി, സ്ത്രീ സുരക്ഷാ വിഷയങ്ങളിലെ സത്യസന്ധമായ നിലപാടുകള്‍ ഞാന്‍ ഉള്‍പ്പെടെയുള്ള പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയായിരുന്നു. പശ്ചിമഘട്ട മേഖലയുടെ സംരക്ഷണം മുന്‍നിര്‍ത്തി ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന നിലപാടിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നപ്പോഴും താന്‍ ശരിയുടെ പക്ഷത്താണെന്ന ഉറച്ച നിലപാടിലായിരുന്നു പി.ടി. പി.ടിയുടെ നിലപാട് മാത്രമായിരുന്നു ശരിയെന്ന് കാലം തെളിയിച്ചതുമാണ്. ശരിക്കുമൊരു പോരാളിയായിരുന്നു പിടി എന്ന് വി ഡി സതീശൻ അനുസ്മരിച്ചു.


Previous Post Next Post