കണ്ണൂർ: - ഇറക്കുമതി നിലച്ചതും കവുങ്ങിന്റെ രോഗബാധമൂലമുള്ള ഉത്‌പാദനക്കുറവും കാരണം അടയ്ക്കയുടെ വില സർവകാല റെക്കോഡിലേക്ക്. നന്നായി ഉണങ്ങിയ പഴയ കൊട്ടടക്കയ്ക്ക് കാസർകോട് മാർക്കറ്റിൽ കിലോയ്ക്ക് 500 രൂപവരെ കിട്ടുന്നുണ്ട്. പുതിയ കൊട്ടടക്കയ്ക്ക് 410 രൂപവരെയും.
പച്ചയടക്കയ്ക്ക് (കളിയടക്ക) 700 രൂപവരെ വിലയുണ്ട്. ബദിയടുക്ക, കർണാടക അതിർത്തിയിലെ പുത്തൂർ, വിട്ട്‌ള എന്നിവിടങ്ങളിൽ ഉത്‌പാദിപ്പിക്കുന്ന ഗുണമേൻമയുള്ള അടക്കയ്ക്കാണ് ഈ വില ലഭിക്കുന്നത്. മറ്റു ജില്ലകളിൽനിന്നുള്ള അടക്കയ്ക്ക് ഇത്രയും വില ലഭിക്കില്ല. തെക്കൻ കേരളത്തിൽ 300 രൂപയിൽ താഴെയേ വിലയുള്ളൂ.
ഇൻഡൊനീഷ്യ, ശ്രീലങ്ക എന്നിവിടങ്ങളിൽനിന്നുള്ള ഇറക്കുമതി നിലച്ചതും കവുങ്ങിനെ പലതരം രോഗങ്ങൾ ബാധിക്കുന്നതുമൂലമുള്ള ഉത്‌പാദനക്കുറവുമാണ് ഇതിന് കാരണമെന്ന് കണ്ണൂരിലെ അടയ്ക്ക കയറ്റുമതിക്കാരായ ശബരി ട്രേഡേഴ്സ് ഉടമ പൂവേൻ സുരേശൻ പറഞ്ഞു.
ഒരുവർഷം മുൻപ് ഗുണമേൻമയുള്ള കൊട്ടടക്കയ്ക്ക് 280-300 രൂപയായിരുന്നു വില. ഓഗസ്റ്റ് മുതലാണ് അടയ്ക്കയുടെ വിലക്കുതിപ്പ് തുടങ്ങിയത്.
‘കാംപ്‌കോ’ (സെൻട്രൽ അരക്കനട്ട് ആൻഡ് കൊക്കോ മാർക്കറ്റിങ് ആൻഡ് പ്രോസസിങ് കോ-ഓപ്പറേറ്റീവ് ലിമിറ്റഡ്) ആണ് അടയ്ക്കയുടെ വിലനിർണയത്തിൽ പ്രധാന പങ്കുവഹിച്ചത്. ഇന്ത്യ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അടയ്ക്ക ഉത്‌പാദിപ്പിക്കുന്ന രാജ്യം ഇൻഡൊനീഷ്യയാണ്.
അതിവർഷമാണ് കവുങ്ങിന് മഹാളി, ഓലചീയൽ എന്നീ കുമിൾരോഗങ്ങൾ ബാധിക്കാൻ കാരണമെന്ന് കണ്ണൂർ കൃഷിവിജ്ഞാൻകേന്ദ്രത്തിലെ ശാസ്ത്രജ്ഞ ഡോ. മഞ്ജു പറഞ്ഞു.
ഈ രോഗം കാരണം അടയ്ക്കയുടെ ഉത്‌പാദനത്തിൽ വൻ കുറവ് സംഭവിച്ചിട്ടുണ്ട്. ഈ കുമിൾരോഗങ്ങൾക്ക് പുറമേ അസന്തുലിതമായ വളപ്രയോഗംമൂലമുള്ള മഞ്ഞളിപ്പുരോഗവും ഉത്തര കേരളത്തിൽ വ്യാപകമാണെന്നും അവർ പറഞ്ഞു.
രാജ്യത്ത് കേരളവും കർണാടകയുമാണ് അടയ്ക്ക ഉത്‌പാദനത്തിൽ മുന്നിൽ. അസമിലും കൃഷിയുണ്ട്. ഏറ്റവും ഗുണമേൻമയുള്ള അടയ്ക്കയുടെ മാർക്കറ്റ് ഗുജറാത്തും മഹാരാഷ്ട്രയുമാണ്.