കുപ്രചാരണം നടത്തുന്നത് കുബുദ്ധികൾ ശബരിമലയിലെത്തിയത് 56 വയസ്സുള്ള സ്ത്രീ- ദേവസ്വം പ്രസിഡൻറ്

 

തിരുവനന്തപുരം:-ശബരിമലയിൽ ചിരഞ്ജീവിക്കൊപ്പം ദർശനത്തിനെത്തിയത് യുവതിയല്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ. അനന്തഗോപൻ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. കുപ്രചാരണത്തിന് പിന്നിൽ കുബുദ്ധികളാണ്. ദർശനം നടത്തിയ ഇന്ദുമതി ചുക്കാപ്പള്ളിക്ക് 56 വയസ് പ്രായമുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.

കുംഭമാസപൂജയ്ക്ക് ദർശനത്തിനെത്തിയ തെലുങ്കുനടൻ ചിരഞ്ജീവിക്കൊപ്പം ഒരു യുവതിയും ദർശനം നടത്തിയെന്ന് ചിത്രങ്ങൾ സഹിതം ചിലർ വ്യാപക പ്രചാരണം നടത്തിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ദേവസ്വം ബോർഡ് പ്രസിഡന്റ്. ഈ പ്രചാരണങ്ങൾ തീർത്തും അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. ഹൈദരാബാദ് ആസ്ഥാനമായ ഫീനിക്സ് ഗ്രൂപ്പ് ചെയർമാൻ സുരേഷ് ചുക്കാപ്പള്ളിയുടെ ഭാര്യയാണ് ഇന്ദുമതി ചുക്കാപ്പള്ളി. ഇവർ ഇരുവരും ചിരഞ്ജീവിക്കൊപ്പം കുടുംബസമേതം ദർശനം നടത്തിയിരുന്നു.

ആധാർ കാർഡ് പ്രകാരം 1966 ആണ് അവരുടെ ജനന വർഷം. അതിനാൽ തന്നെ ഇതിൽ വിവാദമാക്കേണ്ട കാര്യങ്ങളൊന്നും തന്നെയില്ലെന്ന് എ. അനന്തഗോപൻ പറഞ്ഞു. ചില കുബുദ്ധികളാണ് വിവാദങ്ങളുണ്ടാക്കുന്നത്. ആളുകളെ കണ്ട് പ്രായം നിശ്ചയിച്ച് പ്രചാരണം നടത്തുന്നതും അനാവശ്യ വിവാദം ഉണ്ടാക്കുന്നതും ശബരിമല പോലെയുള്ള ഒരു തീർഥാടന കേന്ദ്രത്തെ അപമാനിക്കുന്നതാണെന്ന് ദേവസ്വം പ്രസിഡന്റ് ചൂണ്ടിക്കാട്ടി.

അയ്യപ്പഭക്തർക്കിടയിൽ തെറ്റിദ്ധാരണയുണ്ടാക്കാനും ജനങ്ങൾക്കിടയിൽ ആശങ്കയുണ്ടാക്കാനുമാണ് ഇത്തരക്കാർ ശ്രമിക്കുന്നത്. എന്തെങ്കിലും വിവാദമുണ്ടാക്കി മോശമായി ചിത്രീകരിക്കാൻ ആരെങ്കിലും ആഗ്രഹിച്ചാൽ അത് നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിൽ പോലീസ് അന്വേഷണം ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും ജി. അനന്തഗോപൻ പറഞ്ഞു.

Previous Post Next Post