മോസ്കോ:- യുക്രൈനെതിരെ യുദ്ധം പ്രഖ്യാപിച്ച് റഷ്യ. സൈനിക നടപടിക്ക് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുതിൻ ഉത്തരവിട്ട് നിമിഷങ്ങൾക്കുള്ളിൽ വ്യോമാക്രമണം തുടങ്ങി. യുക്രൈനിലെ പല മേഖലകളിലും മിസൈലുകൾ പതിച്ചു. ഉഗ്ര സ്ഫോടനങ്ങൾ പല ഭാഗത്ത് നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു.
റഷ്യൻ സൈന്യത്തിന്റെ ആക്രമണത്തിൽ യുക്രൈൻ സൈനിക കേന്ദ്രങ്ങൾ പലതും തകർന്നു.കര, നാവിക, വ്യോമ സേനകളുടെ ബഹുമുഖ ആക്രമണമാണ് റഷ്യ നടത്തുന്നത്.യുക്രൈനിൽ 7 പേർ കൊല്ലപ്പെട്ടതായിഅന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. 9 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
റഷ്യയുമായുള്ള എല്ലാവിധ നയതന്ത്ര ബന്ധങ്ങളും വിച്ഛേദിച്ചതായി യുക്രെയിൻ. യുക്രൈയിൻ പ്രസിഡന്റ് വ്ലാദിമിർ സെലെൻസ്കി ട്വീറ്റ് ചെയ്തതാണ് ഇക്കാര്യം. മനസ്സാക്ഷി നഷ്ടപ്പെട്ടിട്ടില്ലാത്ത എല്ലാവരും റഷ്യൻ ആക്രമണത്തെ അപലപിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
അതേസമയം യുക്രൈയിനെതിരേയുള്ള റഷ്യൻ ആക്രമണത്തെ പ്രതിരോധിക്കാൻ തയ്യാറുള്ള എല്ലാ പൗരന്മാർക്കും സർക്കാർ ആയുധങ്ങൾ എത്തിച്ചു നൽകുമെന്ന് യുക്രൈയിൻ പ്രസിഡന്റ് പറഞ്ഞു.
റഷ്യൻ സൈന്യത്തിനെതിരെ ശക്തമായി തിരിച്ചടിക്കുകയാണ് യുക്രെയിൻ സൈന്യം. 50 റഷ്യൻ വിമത സൈനികരെ വധിച്ചതായി യുക്രൈയിൻ സൈന്യം അവകാശപ്പെട്ടു. ആറ് റഷ്യൻ വിമാനങ്ങളും ഹെലികോപ്ടറുകളും തകർത്തതയും യുക്രൈയിന സൈന്യം വ്യക്തമാക്കി.
യുക്രൈയിനിൽ വ്യോമഗതാഗതം നിലച്ചതോടെ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ബദൽ മാർഗ്ഗം തേടി ഇന്ത്യ . അടുത്തുള്ള രാജ്യങ്ങളിലേക്ക് വ്യോമസേന വിമാനങ്ങൾ അയച്ച് ഒഴിപ്പിക്കലിനാണ് ആലോചന. ഇന്ത്യക്കാർ പടിഞ്ഞാറൻ അതിർത്തിയിൽ എത്തേണ്ടി വരും എന്ന സൂചനയാണ് വിദേശകാര്യമന്ത്രാലയം നല്കുന്നത്.
യുക്രൈനിലെ കാഴ്ചകൾ ഇന്ത്യയേയും ഞെട്ടിച്ചിരിക്കുകയാണ്. ഇത്രയും പെട്ടെന്ന് ഒരു യുദ്ധത്തിലേക്ക് കാര്യങ്ങൾ നീങ്ങുമെന്ന് ഇന്ത്യയും കരുതിയില്ല. ഈ മാസം പതിനഞ്ചിനാണ്, താമസം അനിവാര്യമല്ലെങ്കിൽ ഇന്ത്യക്കാർ മടങ്ങണം എന്ന നിർദ്ദേശം ആദ്യമായി കീവിലെ എംബസി നല്കിയത്. എന്നാൽ പലർക്കും ഇതുവരെ മടങ്ങാനായിട്ടില്ല.
ഇരുപതിനായിരത്തോളം ഇന്ത്യക്കാർ ഉള്ളതിൽ എത്ര പേർ മടങ്ങിയെത്തി എന്ന് കണക്കില്ല. ബാക്കിയുള്ളവരെ ഇനി യുക്രൈനിൽ വിമാനം എത്തിച്ച് മടക്കിക്കൊണ്ടുവരാനാകില്ല. ഇന്ത്യക്കാർ താമസസ്ഥലങ്ങളിൽ തുടരണം എന്ന നിർദ്ദേശമാണ് ഇന്ന് ആദ്യം എംബസി നല്കിയത്. കീവിലേക്ക് യാത്ര ചെയ്യുന്നവർ ഹോസ്റ്റലുകളിലേക്ക് മടങ്ങണം. കീവിൽ വഴിയിൽ കുടുങ്ങിയവർ ഉണ്ടെങ്കിൽ ഗൂഗിൾ മാപ്പ് ഉപയോഗിച്ച് ബോംബ് ഷെൽട്ടറുകളിലേക്ക് പോകണം എന്നും എംബസി ഉപദേശിക്കുന്നു. സ്ഥിതി ആശങ്കാജനകമെന്ന് കീവിലെ ഇന്ത്യൻ അംബാസഡർ പാർത്ഥ സത്പതി സന്ദേശത്തിൽ പറഞ്ഞു. സ്ഥിതി മറികടക്കാനുള്ള വഴികൾ ചർച്ച ചെയ്യുകയാണെന്നും എംബസിയുടെ പ്രവർത്തനം തുടരുമെന്നും അംബാസഡർ അറിയിച്ചു.
വ്യോമ അതിർത്തി അടച്ചതിനാൽ ബദൽമാർഗ്ഗമാണ് ഇന്ത്യ ആലോചിക്കുന്നത്. ഇന്ത്യക്കാരെ കരമാർഗ്ഗം പടിഞ്ഞാറൻ അതിർത്തിയിലെ പോളണ്ട്, ഹംഗറി, സ്ലോവേകിയ തുടങ്ങിയ രാജ്യങ്ങളിൽ എത്തിച്ച് ഒഴിപ്പിക്കുക എന്നതാണ് ഒരു മാർഗ്ഗം. റഷ്യയുമായും ഇക്കാര്യത്തിൽ ഇന്ത്യ സമ്പർക്കത്തിലാണ്. വ്യോമസേനയ്ക്കും ജാഗ്രത നിർദ്ദേശം സർക്കാർ നല്കിയിട്ടുണ്ട്.
വിദേശകാര്യമന്ത്രാലയത്തിൻറെ കൺട്രോൾ റൂമിൽ കൂടുതൽ പേരെ നിയോഗിച്ചു. യുക്രൈയിനടുത്തുള്ള രാജ്യങ്ങളിലെ എംബസികളിലേക്കും ഒഴിപ്പിക്കൽ ലക്ഷ്യമാക്കി കൂടുതൽ ഉദ്യോഗസ്ഥരെ അയക്കും. അഫ്ഗാനിസ്ഥാനിൽ നടന്ന ഒഴിപ്പിക്കലിൻറെ ഇരുപത് ഇരട്ടി സർവ്വീസുകൾ യുക്രൈയിനിലെ ഒഴിപ്പിക്കലിന് വേണ്ടി വരും എന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.