കോഴിക്കോട്: - ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്ത മൊബൈൽ ഫോൺ നമ്പർ മാറ്റി പുതിയത് എടുക്കുമ്പോഴും നമ്പർ ഉപയോഗിക്കാതിരിക്കുമ്പോഴും ജാഗ്രത വേണം.
ജാഗ്രതക്കുറവ് പണം നഷ്ടപ്പെടാനിടയാക്കുമെന്നാണ് കേരള പോലീസ് ഫെയ്‌സ് ബുക്ക് പേജിലൂടെയുള്ള മുന്നറിയിപ്പ്. ഈയിടെ നടന്ന ഒരു സംഭവമാണ് പോലീസ് ചൂണ്ടിക്കാട്ടുന്നത്.
കൊല്ലം സ്വദേശിനിയായ വീട്ടമ്മ മൂന്നു വർഷം മുൻപ് ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പർ ഉപയോഗിക്കാതിരുന്നതോടെ മൊബൈൽ കമ്പനി അത് റദ്ദാക്കി.
ആ നമ്പർ പെരുമ്പാവൂർ സ്വദേശിയായ മറ്റൊരാൾക്ക് നൽകി. ബാങ്കുമായി ബന്ധിപ്പിച്ച ഈ നമ്പർ വീട്ടമ്മ മാറ്റിയിരുന്നില്ല. ബാങ്കിൽനിന്നുള്ള സന്ദേശങ്ങൾ ഈ നമ്പറിൽ ലഭിച്ച വ്യക്തി തട്ടിപ്പിന് പദ്ധതി ആസൂത്രണം ചെയ്തു. ഇതോടെ വീട്ടമ്മയുടെ അക്കൗണ്ടിൽനിന്ന് ലക്ഷങ്ങൾ ഇയാൾ പിൻവലിച്ചു.
വ്യാപാരസ്ഥാപനങ്ങളിൽ യു.പി.ഐ. മുഖേന പണം നൽകാൻ സ്ഥാപിച്ച ക്യു.ആർ. കോഡും തട്ടിപ്പ് സാധ്യതയേറി. ക്യു.ആർ. കോഡിന്റെ സ്റ്റിക്കറിന് മുകളിൽ തട്ടിപ്പുകാർ മറ്റൊരു കോഡ് പതിപ്പിക്കുകയാണ് ചെയ്യുന്നത്.
ഇതുവഴി തുക തട്ടിപ്പുകാരുടെ അക്കൗണ്ടിലെത്തുന്നു. വ്യാജ സ്റ്റിക്കർ പലപ്പോഴും വ്യാപാരികളുടെ ശ്രദ്ധയിൽപെടുക വൈകിയാണ്.