കണ്ണൂർ:-സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലയിൽ രൂപീകരിച്ച വിവിധ ക്ലബ്ബുകൾക്കും ജില്ല, സംസ്ഥാനതല കേരളോത്സവ വിജയികൾക്കുമുള്ള സർട്ടിഫിക്കറ്റ് വിതരണം നടന്നു. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു.
യുവതി, കാർഷിക, ട്രാൻസ്ജെൻഡർ ക്ലബ്ബുകൾക്കാണ് സർട്ടിഫിക്കറ്റുകൾ നൽകിയത്. 'അവളിടം' എന്ന പേരിൽ നിലവിൽ 45 യുവതി ക്ലബ്ബുകളാണ് ജില്ലയിലുള്ളത്. 18നും 40നും ഇടയിൽ പ്രായമുള്ള യുവതികളാണ് അംഗങ്ങൾ. സ്ത്രീകൾ സമൂഹത്തിൽ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും പരിഹാരം കാണാനുമുള്ള കൂട്ടായ്മയാണിത്. കൂടാതെ സാമ്പത്തികമായും സാമൂഹികമായും അവരെ മുൻനിരയിൽ എത്തിക്കാനും ക്ലബ്ബിലൂടെ ലക്ഷ്യമിടുന്നു. യുവതലമുറയെ കാർഷിക മേഖലയിലേക്ക് കൊണ്ട് വന്ന് പുതിയ കാർഷിക സംസ്‌കാരം വളർത്തിയെടുക്കാൻ 'കതിർ' എന്ന ക്ലബ്ബുകളും ജില്ലയിൽ ആരംഭിച്ചിട്ടുണ്ട്. നിലവിൽ 10 കതിർ ക്ലബ്ബുകളാണുള്ളത്. 'മാരിവില്ല്' എന്ന പേരിൽ ട്രാൻസ്ജെൻഡർ ക്ലബ്ബും രൂപീകരിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാർക്കായുള്ള യെസ് ക്ലബ് ഉടൻ തുടങ്ങും.
ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ കെ പ്രസീത അധ്യക്ഷയായി. യുവതി ക്ലബ് ജില്ലാ കോ ഓർഡിനേറ്റർ പി പി അനിഷ, മുണ്ടേരി ഗ്രാമപഞ്ചായത്ത് യൂത്ത് കോ-ഓർഡിനേറ്റർ ടി ഷീബ തുടങ്ങിയവർ പങ്കെടുത്തു.