കണ്ണൂർ :- അന്തരിച്ച വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻറ് ടി. നസറുദ്ദീനോടുള്ള ആദരസൂചകമായി സംസ്ഥാന വ്യാപകമായി വ്യാപാരികൾ കടകൾ അടച്ചിട്ട് അനുശോചനം രേഖപ്പെടുത്തുന്നു.കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യാപാരി വ്യവസായി സമിതിയും കടയടപ്പിൽ പങ്കുചേരുന്നുണ്ട്. രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെയാണ് കടകൾ അടച്ചിടുക.
കേരളത്തിലെ വ്യാപാരികളെ സംഘടിത ശക്തിയാക്കുന്നതിൽ പ്രധാന പങ്കു വഹിച്ച വ്യാപാരി നേതാവും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റുമായ ടി. നസറുദ്ദീൻ (78) വ്യാഴാഴ്ച രാത്രിയാണ് അന്തരിച്ചത്.
1991 മുതൽ ഏകോപനസമിതിയുടെ പ്രസിഡന്റാണ്. കേരളത്തിൽ വ്യാപാരികളുടെ അവകാശങ്ങൾ നേടിയെടുക്കാൻ ഒട്ടേറെ പ്രക്ഷോഭങ്ങൾക്ക് നേതൃത്വംനൽകി. ഭാരതീയ ഉദ്യോഗ് വ്യാപാർ മണ്ഡൽ സീനിയർ വൈസ് പ്രസിഡന്റ്, കേരള കോ-ഓപ്പറേറ്റീവ് ബാങ്ക് ചെയർമാൻ, സംസ്ഥാനസർക്കാരിന്റെ ട്രേഡേഴ്സ് വെൽഫെയർ ബോർഡ് ചെയർമാൻ, സംസ്ഥാന വാറ്റ് ഇംപ്ലിമെന്റേഷൻ കമ്മിറ്റിയംഗം, ഫോറസ്റ്റ് ആൻഡ് വൈൽഡ് ലൈഫ് ബോർഡ് അംഗം, വ്യവസായ ബന്ധസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഏകോപനസമിതിക്കു കീഴിൽ ഷെഡ്യൂൾഡ് ബാങ്ക് പദവിയുള്ള കേരള മർക്കന്റൈൽ സഹകരണബാങ്ക് സ്ഥാപിച്ചത് നസറുദ്ദീനാണ്. ദീർഘകാലം അതിന്റെ ചെയർമാനുമായിരുന്നു.
ടി. നസിറുദ്ദീന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിവിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തുടങ്ങിയവർ അനുശോചിച്ചു.
ഖബറടക്കം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് കോഴിക്കോട് കണ്ണംപറമ്പ് ഖബർസ്ഥാനിൽ നടക്കും.