ചൊറുക്കള-മുല്ലക്കൊടി-ചാലോട് റോഡ്: നവീകരണ ജോലികൾ മഴയ്ക്കുശേഷം


കണ്ണൂർ: -  
ചൊറുക്കള-ബാവുപ്പറമ്പ്-മുല്ലക്കൊടി-ചാലോട് വിമാത്താവള ലിങ്ക് റോ‍ഡിന്റെ നവീകരണ പ്രവൃത്തികൾ മഴക്കാലത്തിനുശേഷമേ ആരംഭിക്കൂ. ഭൂമി ഏറ്റെടുക്കൽ ജോലികൾ പൂർത്തിയായി വരികയാണെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു.

സർവേ നേരത്ത പൂർത്തിയാക്കുകയും കല്ലിടുകയും ചെയ്തു. ഭൂമിക്കും കെട്ടിടങ്ങൾക്കും നൽകേണ്ട നഷ്ട്രപരിഹാരം കണക്കാക്കുന്നതിന് പൊതുമരാമത്ത്-റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധന ഇപ്പോൾ നടന്നുവരികയാണ്. രണ്ടുമാസത്തിനുള്ളിൽ ഈ ജോലി പൂർത്തിയാക്കിയ ശേഷം ടെൻഡർ നടപടികളിലേക്ക് നീങ്ങും. സെപ്റ്റംബറോടെ റോഡിന്റെ പണിയാരംഭിക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് അധികൃതർ പറഞ്ഞു.

25 കിലോമീറ്റർ നീളമുള്ള റോഡ് 13.6 മീറ്റർ വീതിയിൽ രണ്ടുവരിപ്പാതയായാണ് നവീകരിക്കുന്നത്. വലിയ കുന്നുകളും വളവുകളും ഒഴിവാക്കിയാണ് നവീകരിക്കുക.

291 കോടി രൂപയാണ് റോഡ് നവീകരിക്കുന്നതിനാണ് നീക്കിവെച്ചിട്ടുള്ളത്. ഇതിൽ 160 കോടി രൂപ റോഡ് നിർമാണത്തിനും 130 കോടി രൂപ നഷ്ടപരിഹാരം നൽകുന്നതിനും. കൊളച്ചേരി പദ്ധതിയുടെ ഭാഗമായി വർഷങ്ങൾക്ക് മുൻപ്‌ സ്ഥാപിച്ചിട്ടുള്ള ആസ്ബസ്റ്റോസ് പൈപ്പ് ലൈനുകൾ വെള്ളത്തിന്റെ മർദം താങ്ങാനാവാതെ പൊട്ടി വെള്ളം പാഴാകുന്നത് പതിവാണ്.

അഴിമതിയുടെ സ്മാരകമായ ഈ ആസ്ബസ്റ്റോസ് പൈപ്പുകൾ മാറ്റി ഇരുമ്പ് പൈപ്പുകൾ സ്ഥാപിക്കുന്നതിനും വൈദ്യുതത്തൂണുകൾ മാറ്റിസ്ഥാപിക്കുന്നതിനും ആവശ്യമായ പണം നീക്കിവെച്ചിട്ടുണ്ട്.

കുണ്ടും കുഴികളും കൊടും വളവുകളും നിറഞ്ഞ്, ഒട്ടും വീതിയില്ലാതെയുള്ള ഈ റോഡിലൂടെയുള്ള യാത്ര ദുഷ്കരമാണ്.

Previous Post Next Post