മയ്യിൽ: പരിമിതികളെ മറികടന്ന് ഭിന്നശേഷി വിദ്യാർഥിക്ക് യു.എസ്.എസ്. നേട്ടം. മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം തരത്തിലെ ആകാശ് സുനിലാണ് ചക്രക്കസേരയിലും വാക്കറിലും വിദ്യാലയത്തിലെത്തി വിജയം നേടിയത്. എല്ലുകൾ പൊട്ടിപ്പോകുന്ന അപൂർവ ജനതിക വൈകല്യമാണ് ആകാശിന്. നേരത്തേ മലപ്പട്ടം ആർ.ജി.എം. സ്കൂളിലായിരുന്നു. പ്രസംഗം, വായന, ഐ.ടി. വിഷയങ്ങളിലുമാണ് ആകാശിന് താത്‌പര്യം. കുറ്റ്യാട്ടൂർ പഴശ്ശിയിലെ സൗപർണികയിൽ കെ.കെ.സുനിലിന്റെയും ടി.കെ.ജിഷയുടെയും മകനാണ്. വിദ്യാലയത്തിലെ മറ്റു കുട്ടികളുടെ മികച്ച സഹകരണം ആകാശിന് നല്ല പിന്തുണയാകുന്നുണ്ടെന്ന് പ്രഥമാധ്യാപകൻ എം.സുനിൽകുമാർ പറഞ്ഞു.