മയ്യിൽ :- തെളിനീരൊഴുകും നവകേരളം" പദ്ധതിയുടെ ഭാഗമായി മയ്യിൽ ഗ്രാമപഞ്ചായത്തിലെ മുഴുവൻ തോടുകളും ഏപ്രിൽ മെയ് മാസം ശുചീകരിച്ച് നീരൊഴുക്ക് പുനസ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുകയാണ്.
അതിൻ്റെ ആദ്യ ഘട്ടമായി മയ്യിൽ പഞ്ചായത്തിലെ ആറ് വാർഡ്കളിലൂടെ ഒഴുക്കുന്ന ആറ് കിലോമീറ്റർ ദൈർഘ്യവും എട്ട് മീറ്റർ വരെ വീതിയുമുള്ള മയ്യിൽ വലിയ തോടിൽ ജനകീയ ശുചീകരണ പരിപാടിക്ക് തുടക്കം കുറിക്കുകയാണ്.
ശുചീകരണ യജ്ഞത്തിൻ്റെ ഔപചാരികമായി ഉദ്ഘാടനം ഏപ്രിൽ 11 നവകേരള മിഷൻ കോഡിനേറ്റർ ഡോ.ടി.എൻ സീമ നിർവ്വഹിക്കും.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ കെ റിഷ്ന അധ്യക്ഷത വഹിക്കും.ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ.റോബർട്ട് ജോർജ് മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുക്കും.
നിരത്ത് പാലം മുതൽ മുട്ടു കണ്ടി പാലം വരെ മയ്യിൽ പഞ്ചായത്തിലൂടെ ഒഴുകുന്ന മയ്യിൽ വലിയ തോടിന്റെ സ്വാഭാവികത നിലനിർത്തി, മാലിന്യമുക്തമാക്കി ഒഴുക്ക് സുഗമമാക്കി കരയിടിച്ചൽ തടയുന്നതിനായി മുണ്ട വച്ച് പിടിപ്പിച്ച് പുനരുജ്ജീവിപ്പിക്കുകയാണ് ആദ്യ ഘട്ടം ചെയ്യാൻ ഉദ്യേശിക്കുന്നത്.
തോടിന്റെ ആഴം പുനസ്ഥാപിക്കുകയും സൈഡ് സംരക്ഷണവും ജലസേചനസൗകര്യങ്ങൾ മെച്ചപ്പെടുത്തി വിപുലീകരിക്കുകയും രണ്ടാം ഘട്ടത്തിൽ ലക്ഷ്യമിടുന്ന പുനരുദ്ധാരണ പ്രവർത്തനങ്ങളാണ്.
1962 ൽ ആധുനികമയ്യിലിന്റെ ശില്ലിയായ കെ.കെ കുഞ്ഞനന്ദൻ നമ്പ്യാരുടെ നേതൃത്വത്തിലാണ് ഈ തോടിന്റെ സമഗ്ര നവീകരണം ജനകീയമായി നടപ്പിലാക്കിയത്. മയ്യിലിന്റെ നെല്ലറയായ പാടശേഖരങ്ങൾക്ക് നിലനിൽപാണിന്ന് വലിയ തോട് . കാർഷിക വികസന- പരിസ്ഥിതി സംരക്ഷണ രംഗത്ത് ഏറെ പ്രതീക്ഷയോടെയാണ് വലിയ തോടിന്റെ ജനകീയ വീണ്ടെടുപ്പിലേക്ക് വീണ്ടുo ഒരുങ്ങുന്നത്. തോടിന്റെ ചരിത്രവും പശ്ചാത്തലവും സാധ്യതകളും ചർച്ച ചെയ്ത ജലസഭയോടുകൂടിയാണ് ക്യാമ്പയിൻ ആരംഭിച്ചത്.
ഏപ്രിൽ 5, 6 തീയ്യതികളിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പാടശേഖര സമിതി അംഗങ്ങളും കർഷകരും ചേർന്ന് രാവിലെ എട്ടു മണി മുതൽ തോടിനെ അടുത്തറിയാൻ തോട്ടിലൂടെയും തോട്ടിൽ കരയിലൂടെയും ആറ് കിലോമീറ്റർ ജല നടത്തം കഴിഞ്ഞ ദിവസം സംഘടിപ്പിക്കുകയും ഉണ്ടായി.
പാട ശേഖര സമിതികൾ, കുംടുംബശ്രീ പ്രവർത്തകർ , മയ്യിൽ ഹൈസ്ക്കൂളിലെയും ഐ ടി എം കോളേജിലേയും എൻ എസ് എസ് വളണ്ടിയർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ, കർഷകർ, സന്നദ്ധ സംഘടന പ്രവർത്തകർ, യുവജന സംഘടനകൾ, വായനശാലാപ്രവർത്തകർ, ഹരിത കർമ്മസേനാഗംങ്ങൾ, തോടിനിരുകരകളിലും താമസിക്കുന്നവർ, നാട്ടുകാർ തുടങ്ങിയവർ ജനകീയ ശുചീകരണ യജ്ഞത്തിൽ പങ്കാളികളാവും.