ദില്ലി: - പാർട്ടിയുടെ ലക്ഷ്യം വൺ ഇന്ത്യയാണെന്ന് ബിജെപി സ്ഥാപകദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി സർക്കാരുകളെ രാജ്യമാകമാനം വീണ്ടും ജനങ്ങൾ തെരഞ്ഞെടുക്കുകയാണ്. രാജ്യത്തിന്റെ ആവശ്യങ്ങൾ എപ്പോഴും തിരിച്ചറിയാനും നടപ്പാക്കാനും ബാധ്യതയും ജാഗ്രതയും പുലർത്തണമെന്നും നരേന്ദ്രമോദി പ്രവർത്തകരോട് ആഹ്വാനം ചെയ്തു. ജനങ്ങൾക്ക് ബിജെപി സർക്കാരിൽ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ മാറ്റത്തിന്റെ പാതയിലാണ് രാജ്യം അതിവേഗം പുരോഗതിയിലേക്ക് കുതിക്കുകയാണ്. ബിജെപി ലക്ഷ്യങ്ങൾ തീരുമാനിക്കുകയും അത് നേടിയെടുക്കുകയും ചെയ്യുന്നുണ്ട്. വൺ ഇന്ത്യ എന്ന ലക്ഷ്യത്തിനായി ഇന്ത്യ പ്രയത്നിക്കുകയാണ്. അതേസമയം വോട്ടുബാങ്കിൻ്റെ രാഷ്ട്രീയമാണ് ഇപ്പോഴും ചിലർ കളിക്കുന്നതെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ഈ വിവേചനം അവസാനിപ്പിക്കുമെന്ന് ബിജെപി പ്രതിജ്ഞ എടുത്തിട്ടുണ്ട്. കുടുംബ വാഴ്ച്ച ഇന്ത്യയെ തുലച്ചു. കുടുംബാധിപത്യം നിലനിൽക്കുന്ന പാർട്ടികൾ ഭരണഘടനയെ മാനിക്കുന്നില്ല. കുടുംബ വാഴ്ചയ്‌ക്കെതിരെ എല്ലാ സംസ്ഥാനങ്ങളിലും ബിജെപി പോരാടുമെന്നും മോദി പറഞ്ഞു.