കണ്ണൂർ : സിപിഎം 23-ാം പാർട്ടി കോൺഗ്രസിനു തുടക്കം കുറിച്ച് കണ്ണൂർ നായനാർ അക്കാദമിയിലെ സമ്മേളന നഗരിയിൽ പിബി അംഗം എസ്.രാമചന്ദ്രൻ പിള്ള പതാക ഉയർത്തി. പ്രതിനിധി സമ്മേളനം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ഉദ്ഘാടനം ചെയ്തു.
എല്ലാ മതേതര ജനാധിപത്യ പാർട്ടികളും ബിജെപിക്കെതിരായ പോരാട്ടത്തിൽ പങ്കാളികളാകണമെന്ന് സീതാറാം യച്ചൂരി പറഞ്ഞു. കോൺഗ്രസ് ഇക്കാര്യത്തിലുള്ള നിലപാട് വ്യക്തമാക്കണം. ബിജെപിയെ പ്രതിരോധിക്കാൻ ഇടതു, മതനിരപേക്ഷ പാർട്ടികളുടെ ഐക്യം ശക്തിപ്പെടുത്തണം. ബിജെപി സർക്കാർ ആർഎസ്എസിന്റെ ഹിന്ദുത്വ അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുകയാണ്.
കോർപറേറ്റുകളെ സഹായിക്കുന്ന നിലപാടാണ് കേന്ദ്രത്തിന്റേത്. രാഷ്ട്രീയ അഴിമതിയെ കേന്ദ്രം നിയമവൽക്കരിക്കുന്നു. ഭരണഘടന നൽകുന്ന സ്വാതന്ത്ര്യം ബിജെപി ഇല്ലാതാക്കുന്നു. ഭരണഘടനയുടെ നാലു തൂണുകളെയും
ദുർബലമാക്കുന്ന പ്രവർത്തനങ്ങളാണ് ബിജെപി നടത്തുന്നത്. ഹിന്ദുത്വ അജണ്ടയ്ക്കെതിരെ പോരാട്ടം ശക്തമാക്കാനുള്ള നടപടികൾ പാർട്ടി കോൺഗ്രസ് തീരുമാനിക്കും. കോവിഡ് പ്രതിരോധത്തിൽ കേരളം മാതൃകയാണെന്നും യച്ചൂരി പറഞ്ഞു.
വൈവിധ്യമാർന്ന ഇന്ത്യൻ സംസ്കാരത്തെ നശിപ്പിക്കാൻ ബിജെപി ശ്രമിക്കുകയാണെന്ന് പിബി അംഗം എസ്.രാമചന്ദ്രൻപിള്ള പറഞ്ഞു. രാജ്യത്തെ മതനിരപേക്ഷതയെ നശിപ്പിച്ച് ഹിന്ദു രാജ്യം സൃഷ്ടിക്കാനാണു നീക്കം. ഭരണഘടനാ സ്ഥാപനങ്ങളെ കേന്ദ്ര സർക്കാർ ഇല്ലാതാക്കുകയാണ്.
കോർപ്പറേറ്റുകളുടെ പ്രീണനം മാത്രമാണ് ബിജെപിയുടെ ലക്ഷ്യമെന്നും എസ്.രാമചന്ദ്രൻപിള്ള പറഞ്ഞു.ബിജെപിക്കെതിരെ വിശാലമായ മതനിരപേക്ഷ സഖ്യം എന്ന കാഴ്ചപ്പാടിൽ പാർട്ടി കോൺഗ്രസ് തീരുമാനമെടുക്കും. പാർട്ടി പദവികളിൽ തുടരാനുള്ള പ്രായപരിധി 75 വയസാക്കിയതിനു പാർട്ടി കോൺഗ്രസിന്റെ അംഗീകാരം തേടും. 906 പ്രതിനിധികളാണ് നായനാർ അക്കാദമിയിൽ നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കുന്നത്. കേരളത്തിൽനിന്നാണ് കൂടുതൽ പ്രതിനിധികൾ. സംഘടനാ റിപ്പോർട്ട് ഇന്ന് പാർട്ടി ജനറൽ സെക്രട്ടറി അവതരിപ്പിക്കും.