പയ്യന്നൂർ:- ഏഴിമല റെയിൽവെ സ്റ്റേഷനിൽ തീവണ്ടി കാത്തു നിൽക്കുകയായിരുന്ന യാത്രക്കാർക്ക് കടന്നൽ കുത്തേറ്റു. മൂന്ന് പേർക്ക് സാരമായി കുത്തേറ്റു ഒരാൾക്ക് ഗുരുതരം. മെഡിക്കൽ രംഗവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന കുഞ്ഞിമംഗലത്തെ ബാബു (52), സ്വർണ്ണ പണിക്കാരനായ കുഞ്ഞിമംഗലം കണ്ടംകുളങ്ങരയിലെ രാമചന്ദ്രൻ (50), ചെറുതാഴം സ്വദേശി പ്രദീപൻ (50) എന്നിവർക്കാണ് കടന്നൽ കുത്തേറ്റ് പരിക്കേറ്റത്. മൂന്നു പേരെയും പയ്യന്നൂർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ബാബു ആശുപത്രിയിലെതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കാസറഗോട് ഭാഗത്തേക്കുള്ള ട്രെയിൻ കാത്തു നിൽക്കുകയായിരുന്ന യാത്രക്കാർക്കാണ് നേരെയാണ് കടന്നൽ ആക്രമണമുണ്ടായത്.
ഇന്നു രാവിലെ ഏഴേകാലോടെയായിരുന്നു സംഭവം . ജോലിക്ക് പോകുന്നതിനായി പതിവുപോലെമെമു ട്രെയിൻ കാത്തു നിൽക്കുന്നതിനിടയിലാണ് കടന്നലുകളുടെ ആക്രമണമുണ്ടായത്.കടന്നൽകൂട്ടമായി എത്തിയതോടെ പ്ലാറ്റ്ഫോമിൽ നിൽക്കുകയായിരുന്ന യാത്രക്കാരിൽ പലരും ചിതറി ഓടി രക്ഷപ്പെടുകയായിരുന്നു.പലർക്കും കുത്തേൽക്കുകയും ചെയ്തു. സാരമായി പരിക്കേറ്റവരെ നാട്ടുകാരാണ് പയ്യന്നൂരിലെ ആശുപത്രിയിലെത്തിച്ചത്.