കണ്ണൂർ :- സിപിഎം പാർട്ടി കോൺഗ്രസ് വേദിയിൽ കേന്ദ്ര സർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ബ്രിട്ടീഷ് നയങ്ങളാണ് ബിജെപി സർക്കാർ തുടരുന്നതെന്നും ബ്രിട്ടീഷുകാർപോലും ചെയ്യാത്ത കാര്യങ്ങൾ അടിച്ചേൽപ്പിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുകയാണെന്നും സ്റ്റാലിൻ കുറ്റപ്പെടുത്തി. പാർട്ടി കോൺഗ്രസിന്റെ ഭാഗമായി 'കേന്ദ്ര സംസ്ഥാന ബന്ധം' എന്ന വിഷയത്തിൽ നടത്തിയ ദേശീയ സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജിഎസ്ടിയടക്കം സംസ്ഥാനങ്ങളുടെ താളം തെറ്റിക്കുന്ന നയങ്ങളാണ് കേന്ദ്രസർക്കാർ നടപ്പാക്കുന്നത്. രാജ്യത്തെ സംരക്ഷിക്കാൻ സംസ്ഥാനങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കപ്പെടണം. ഭരണഘടനാശിൽപികൾ ഏകത്വത്തിനുവേണ്ടിയല്ല നിലകൊണ്ടത്. ഇന്ത്യയുടെ നാനാത്വം അട്ടിമറിച്ച് ഏകത്വം മാത്രം നടപ്പാക്കാൻ ചിലർ ശ്രമിക്കുന്നു. ഒന്നുമാത്രം മതിയെന്ന രീതി ഒരുപാർട്ടിയിലും ഒരുമതത്തിലും മാത്രമെത്തും. ഇതിനെതിരേഒന്നിച്ചുനിന്ന് പോരാടി ശക്തമായ ഫെഡറൽ ഇന്ത്യ രൂപപ്പെടുത്താൻ ശ്രമിക്കണമെന്നും സ്റ്റാലിൻ പറഞ്ഞു.
സംസ്ഥാന സർക്കാരുകളെ നിയന്ത്രിക്കാൻ കേന്ദ്രം ഗവർണർമാരെ ദുരുപയോഗിക്കുകയാണെന്നും കേന്ദ്ര നടപടികൾ ഭരണഘടനാ വിരുദ്ധവും ജനാധിപത്യവിരുദ്ധമാണെന്നും സ്റ്റാലിൻ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് മലയാളം പറഞ്ഞുകൊണ്ടാണ് സ്റ്റാലിൻ പ്രസംഗം ആരംഭിച്ചത്. പിണറായി വേറിട്ട മുഖ്യമന്ത്രിയാണെന്നും ഇന്ത്യയിലെ ഉരുക്കുമനുഷ്യരിൽ ഒരാളെന്നും സ്റ്റാലിൻ പറഞ്ഞു. മതേതരത്വത്തിന്റെയും അവകാശപോരാട്ടങ്ങളുടെ മുഖമായ പിണറായി ഭരണത്തിൽ തനിക്ക് വഴികാട്ടിയാണ്. ഒരുകയ്യിൽ പോരാട്ടവീര്യവും മറുകയ്യിൽ ഭരണപാടുവുമുള്ള നേതാവാണ് പിണറായി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായുള്ള ബന്ധത്തിന് തന്റെ പേരുതന്നെ തെളിവാണെന്നും സ്റ്റാലിൻ പറഞ്ഞു.
ഈ സമ്മേളനത്തിൽ പങ്കെടുക്കേണ്ടത് തന്റെ കടമയാണ്. പിണറായിയോടുള്ള സ്നേഹവും കേരളവും തമിഴ്നാടും തമ്മിലുള്ള ബന്ധവും കൊണ്ടാണ് സെമിനാറിനെത്തിയതെന്നും സ്റ്റാലിൻ പറഞ്ഞു.