പഴയങ്ങാടി:- പുതുക്കിപ്പണിയുന്ന വീടിന്റെ സൺഷേഡ് തകർന്നുവീണ് നാല് തൊഴിലാളികൾക്ക് പരിക്കേറ്റു. ഇടക്കേപ്പുറം വടക്ക് എം.പി. മധുസൂദനൻ (55), അമ്പലപ്പുറത്തെ കെ.വി. വിമല (50), ചെറുകുന്ന് നിടിയങ്ങ എൻ. നാരായണൻ (52), കുന്നനങ്ങാട്ടെ ബാലകൃഷ്ണൻ (60) എന്നിവർക്കാണ് പരിക്കേറ്റത്. കോഴിബസാറിലെ സി. മാധവിയുടെ വീടിനുമുകളിൽ നിർമാണപ്രവർത്തനം നടത്തുന്നതിനിടെ ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. സൺഷേഡിന്റെ നിർമാണത്തിനിടെ താങ്ങിനിർത്തിയ തൂൺ ഇളകിയതാണ് അപകടത്തിനിടയാക്കിയത്. മുകളിൽനിന്ന് കല്ലും ആളുകളും താഴെവീണു. പരിക്കേറ്റവരെ ഉടൻ പരിസരവാസികളും നാട്ടുകാരും ചേർന്ന് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു പോയി. ആരുടെയും പരിക്ക് സാരമുള്ളതല്ല. വിമലയ്ക്കും നാരായണനും കാലിനും കൈയ്ക്കുമാണ് പരിക്കേറ്റത്.