കണ്ണൂർ :- രണ്ടാം പിണറായി സർക്കാറിന്റെ ഒന്നാം വാർഷികത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് കണ്ണൂർ പൊലീസ് മൈതാനിയിൽ 'എന്റെ കേരളം' മെഗാ എക്സിബിഷൻ ഒരുങ്ങി. ഏപ്രിൽ മൂന്ന് മുതൽ 14 വരെയാണ് പ്രദർശനം.
സംസ്ഥാനത്തിന്റെ സമസ്ത മേഖലകളെയും സ്പർശിക്കുന്ന വികസന പ്രവർത്തനങ്ങളുടെ നേർക്കാഴ്ചയ്ക്കൊപ്പം നാടിനെ അടുത്തറിയാൻ കൂടിയുള്ളതാണ് എന്റെ കേരളം മെഗാ എക്സിബിഷൻ. കേരളത്തിന്റെ തനത് കാഴ്ചകൾ ആവിഷ്ക്കരിക്കുന്ന ടൂറിസം വകുപ്പിന്റെ 'കേരളത്തെ അറിയാം' തീം പവലിയൻ, കേരളത്തിന്റെ ചരിത്രവും വർത്തമാനവും ഭാവിയുടെ സ്വപ്നസാധ്യതകളും അണിനിരത്തുന്ന ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ 'എന്റെ കേരളം' തീം പവലിയൻ, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സ്റ്റാർട്ടപ്പ് സംരംഭങ്ങളുടെയും സ്റ്റാൾ അടങ്ങിയ ടെക്നോളജി പവലിയൻ, കൃഷി, മൃഗസംരക്ഷണം, ഫിഷറീസ് വകുപ്പുകളുടെ തുറന്ന പവലിയൻ, കിഫ്ബി സ്റ്റാൾ എന്നിവ എക്സിബിഷന്റെ ആകർഷണമാവും. കൈത്തറി ഉൽപ്പന്നങ്ങളുമായി ഹാൻടെക്സും ഹാൻവീവും കൈത്തറി സൊസൈറ്റികളും മേളയിൽ അണിനിരക്കും. ഫിഷറീസ് വകുപ്പിന്റെ മത്സ്യക്കുളം, കേരള പൊലീസിന്റെ ഡോഗ് ഷോ, ജില്ലാ പഞ്ചായത്തിന്റെ ഉരു എന്നിവ ആകർഷണമവും. കുടുംബശ്രീ മിഷൻ, കെടിഡിസി, കണ്ണൂർ സെൻട്രൽ ജയിൽ, സാഫ്, മിൽമ, ദിനേശ് ഫുഡ്സ്, ഇന്ത്യൻ കോഫി ഹൗസ് എന്നിവയുടെ ഫുഡ് കോർട്ടുകളുണ്ടാവും.
സർക്കാറിന്റെ വിവിധ സേവനങ്ങൾ പൊതുജനങ്ങൾക്കായി ഒരു കുടക്കീഴിൽ അണിനിരത്തുന്നതിനൊപ്പം ഉത്പന്നങ്ങളെ പരിചയപ്പെടുത്തുകയും വിപണനം നടത്തുകയും ചെയ്യും. റവന്യു വകുപ്പ്, അക്ഷയ കേന്ദ്ര, ആരോഗ്യ വകുപ്പ്, സിവിൽ സപ്ലൈസ് വകുപ്പ്, ഭൂഗർഭജല വകുപ്പ്, ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, തൊഴിൽ വകുപ്പ്, ജില്ലാ പഞ്ചായത്തിന്റെ ഇൻവെസ്റ്റേഴ്സ് ഡെസ്ക്, കണ്ണൂർ സെൻട്രൽ ജയിൽ, ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ്, വിദ്യാഭ്യാസ വകുപ്പ്, അനർട്ട്, കണ്ണൂർ ഗവ. മെഡിക്കൽ കോളജ്, മലബാർ കാൻസർ സെന്റർ, കെഎസ്ഇബി, പൊലീസ്, തോട്ടട ഐഐഎച്ച്ടി, ഐഎസ്എം തുടങ്ങിയ സ്റ്റാളുകൾ ഉണ്ടാവും. മേളയിൽ കണ്ണൂർ ജില്ലാ ടൂറിസം ഇൻഫർമേഷൻ സെന്റർ പ്രവർത്തിക്കും. മൃഗസംരക്ഷണ വകുപ്പ് ഒരുക്കുന്ന പവലിയനിൽ മുണ്ടയാട് മേഖലാ കോഴി വളർത്തു കേന്ദ്രത്തിലെ ഉത്പന്നങ്ങളുടെ പ്രദർശനം, വിൽപന, വകുപ്പിന്റെ കീഴിലുള്ള എഗ്ഗർ നഴ്സറികളിൽ നിന്നുള്ള മുട്ടക്കോഴിക്കുഞ്ഞുങ്ങളുടെ വിതരണം, മേഖലാ രോഗ നിർണ്ണയ ലബോറട്ടറി തത്സമയ ജലപരിശോധന സംവിധാനം, കർഷക ബോധവത്കരണ വിഡിയോ പ്രദർശനം എന്നിവയുമുണ്ട്.
കണ്ണൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജി ഒരുക്കുന്ന പവലിയനിൽ കൈത്തറി സ്കൂൾ യൂണിഫോം പദ്ധതിയുടെ ആവിഷ്കാരവും, തുണിയിൽ ചിത്രം നെയ്തെടുക്കുന്നത്, വിവിധ രൂപങ്ങളിൽ തുണി നെയ്തെടുക്കുന്നത് എന്നിവയുടെ തത്സമയ ചിത്രീകരണവും ഭൗമസൂചിക പട്ടം ലഭിച്ച കൈത്തറി ഉത്പന്നങ്ങളുടെ പ്രദർശനവും ഒരുക്കുന്നു.
തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ അതിഥി തൊഴിലാളികൾക്കായി ആവാസ് ഇൻഷൂറൻസ് കാർഡ് നൽകും . അസംഘടിത തൊഴിലാളികൾക്കായി ഇ- ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ സൗകര്യം, തൊഴിൽ വകുപ്പിൽ നിന്നും വിവിധ ക്ഷേമ ബോർഡുകളിൽ നിന്നു ലഭിക്കുന്ന സേവനങ്ങളെ പറ്റിയുള്ള ബോധവൽക്കരണം എന്നിവയുമൊരുക്കും.
മലബാർ ക്യാൻസർ സെന്റർ സ്റ്റാളിൽ വിവിധ ക്യാൻസർ വിഭാഗങ്ങളിലെ നൂതന ചികിത്സ സൗകര്യങ്ങൾ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നു. ക്യാൻസർ കോശങ്ങളെ മൈക്രോസ്കോപ്പിൽ വീക്ഷിക്കാനുളള അവസരം പൊതുജനങ്ങൾക്ക് നൽകും. സസ്യാരോഗ്യ ക്ലിനിക്, പച്ചക്കറിത്തൈകൾ, വിത്തുകൾ, കൈപ്പാട് അരി, കുറ്റിയാട്ടൂർ മാങ്ങ എന്നിവയും അവയുടെ മൂല്യവർധിത ഉത്പന്നങ്ങളുമായി കൃഷി വകുപ്പിന്റെ സ്റ്റാൾ പ്രവർത്തിക്കും. സെൻട്രൽ ജയിൽ ആൻഡ് കറക്ഷണൽ ഹോം അതിന്റെ തനത് മാതൃകയിലാണ് സ്റ്റാൾ ഒരുക്കിയിട്ടുള്ളത്. സെൻട്രൽ ജയിലിന്റെ പ്രധാന ഓഫീസിന്റെ മാതൃകയിലുള്ള കവാടം, ജയിലിന്റെ മിനിയേച്ചർ പ്രദർശനവും വിവരണവും, ജയിൽ സെല്ലുകളുടേയും തൂക്കു മരത്തിന്റേയും മാതൃകകൾ, ജയിൽ അന്തേവാസികളുടെ കരവിരുതിൽ നിർമ്മിച്ചെടുത്ത ഉൽപ്പന്നങ്ങളുടെ പ്രദർശനം, ജയിൽ ഫുഡ് കോർട്ട് എന്നിവയുണ്ട്. ഏപ്രിൽ 14 വരെ നടക്കുന്ന മേളയിൽ പ്രവേശനം സൗജന്യമായിരിക്കും.