കണ്ണൂർ:- വേനൽമഴ കനക്കുകയാണ്. ഇടിമിന്നലും കാറ്റുമുണ്ട്. ഇതിൽ ഏറെ പേടിക്കേണ്ടത് മിന്നലിനെയാണ്. ജോലിക്കിടെ വെൽഡിങ് തൊഴിലാളി മിന്നലേറ്റ് മരിച്ചത് വെള്ളിയാഴ്ചയാണ്. മാങ്ങാട്ടിടം കുറുമ്പുക്കലിലെ മടത്തുംകണ്ടി ഹൗസിൽ ജോയി (50) ആണ് മരിച്ചത്. ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ കൃത്യമായ മുൻകരുതലുകളെടുക്കാനും മാർഗനിർദേശങ്ങൾ പാലിക്കാനും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പൊതുജനങ്ങളോട് അഭ്യർഥിക്കുന്നുണ്ട്.
നിർദേശങ്ങൾ
ഇടിമിന്നലുള്ള അവസരങ്ങളിൽ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാതിരിക്കുക. ടി.വി., ഫ്രിഡ്ജ്, മോട്ടോർ, മിക്‌സി തുടങ്ങിയ ഉപകരണങ്ങൾ പ്ലഗിൽനിന്ന് ഊരിയിടുക. അത്യാവശ്യമല്ലെങ്കിൽ മെയിൻ സ്വിച്ച് ഓഫ് ചെയ്യുക.
ഉറപ്പില്ലാത്ത വൈദ്യുതത്തൂണുകൾ കടപുഴകിവീഴാൻ സാധ്യതയുള്ളതിനാൽ കാറ്റും മഴയും ഇല്ലാത്ത സമയത്ത് അവ ശരിയായ രീതിയിൽ ബലപ്പെടുത്തുകയോ അഴിച്ചുവെക്കുകയോ ചെയ്യുക. മഴയും കാറ്റുമുള്ളപ്പോൾ ഇതിന്റെ ചുവട്ടിലും സമീപത്തും നിൽക്കുകയോ വാഹനങ്ങൾ നിർത്തിയിടുകയോ ചെയ്യരുത്.
വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം. വൈദ്യുതലൈനിലേക്ക് ചാഞ്ഞുനിൽക്കുന്ന മരങ്ങളുടെ ചില്ലകൾ, തെങ്ങോലകൾ എന്നിവ നീക്കംചെയ്യുക. ഇതെല്ലാം സ്വയം ചെയ്യുന്നതിനു പകരം അധികൃരുടെ സഹായം തേടുക. അപകടാവസ്ഥയിലുള്ള മരങ്ങൾ പൊതു ഇടങ്ങളിൽ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളെ അറിയിക്കുക.
പത്രം, പാൽ വിതരണക്കാർ പോലെയുള്ള പുലർച്ചെ ജോലിക്ക് ഇറങ്ങുന്നവർ ജാഗ്രത പാലിക്കണം. മഴയും കാറ്റുമുണ്ടായ രാത്രിക്കുശേഷമുള്ള ദിവസങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം. വഴികളിലെ വെള്ളക്കെട്ടുകളിലും മറ്റും വൈദ്യുതലൈൻ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കാൻ ശ്രമിക്കണം.
നിർമാണ ജോലികളിൽ ഏർപ്പെടുന്നവർ കാറ്റും മഴയും ശക്തമാകുമ്പോൾ ജോലിനിർത്തിവെച്ച് സുരക്ഷിതമായ ഇടത്തേക്ക് മാറിനിൽക്കണം.
കാറ്റ് വീശിത്തുടങ്ങുമ്പോൾതന്നെ വീടുകളിലെ ജനലുകളും വാതിലുകളും അടച്ചിടേണ്ടതാണ്. ജനലുകളുടെയും വാതിലുകളുടെയും സമീപത്ത് നിൽക്കാതിരിക്കുക. വീടിന്റെ ടെറസിലും നിൽക്കുന്നത് ഒഴിവാക്കുക.