കാരുണ്യത്തിന്റെ കനിവുതേടി സഫ്ര ഫാത്തിമ

 

തളിപ്പറമ്പ്:-മറ്റു കുട്ടികളെപ്പോലെ ഓടിച്ചാടി നടക്കാനും സ്കൂളിൽ പോകാനും സഫ്ര ഫാത്തിമക്കും ആഗ്രഹമുണ്ട്. എന്നാൽ, തലാസീമിയ മേജർ എന്ന അപൂർവ രോഗം ബാധിച്ച് കഴിയുകയാണ് മാവിച്ചേരിയിലെ 11 വയസ്സുകാരി. മാസങ്ങളായി ആശുപത്രിക്കിടക്കയിൽ കഴിയുന്ന ഈ കുഞ്ഞിന് ആദ്യം നടത്തിയ മജ്ജ മാറ്റി വെക്കൽ ശസ്ത്രക്രിയ പരാജയപ്പെട്ടതിനാൽ മറ്റൊരു ശസ്ത്രക്രിയ ആവശ്യമായി വന്നിരിക്കുകയാണ്.ഇതോടെ അതിനാവശ്യമായ 75 ലക്ഷത്തിലധികം രൂപ കണ്ടെത്താനാവാതെ വിഷമിക്കുകയാണ് കുട്ടിയുടെ നിർധന കുടുംബം.

തലാസീമിയ മേജര്‍ രോഗബാധിതരുടെ രക്തം ശുദ്ധീകരിക്കപ്പെടുകയില്ല. അതിനാല്‍ രക്തം മാറ്റിക്കൊണ്ടിരിക്കണം. ആദ്യഘട്ടത്തില്‍ മാസത്തില്‍ ഒരുതവണയാണ് സഫ്ര ഫാത്തിമയുടെ രക്തം മാറ്റിയിരുന്നതെങ്കിൽ പിന്നീട് രണ്ടാഴ്ചയില്‍ മാറ്റണമെന്ന അവസ്ഥയിലായി.

മജ്ജ മാറ്റിവെക്കുകയെന്നതായിരുന്നു ഇതിനുള്ള പരിഹാരം. കഴിഞ്ഞ മാര്‍ച്ച് 31ന് ബംഗളൂരു നാരായണ ഹൃദയാലയ ആശുപത്രിയില്‍ ശസ്ത്രക്രിയക്കായി പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഏപ്രില്‍ 13ന് പിതാവ് നൗഷാദിന്റെ മജ്ജ സഫ്ര ഫാത്തിമയുടെ ശരീരത്തിലേക്ക് മാറ്റിവെച്ചു.

ശസ്ത്രക്രിയ പൂർത്തിയായെങ്കിലും 17 ദിവസം കഴിഞ്ഞുണ്ടായ കടുത്ത പനി കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. വിദഗ്ധ പരിശോധനയില്‍, മാറ്റിവെച്ച മജ്ജ നശിച്ചതായി കണ്ടെത്തി. മേയ് അഞ്ചിന് നടത്തിയ ശസ്ത്രക്രിയയില്‍ പഴയ മജ്ജതന്നെ സഫ്രയുടെ ശരീരത്തില്‍ തിരികെവെച്ചു.

Previous Post Next Post