തളിപ്പറമ്പ്:-ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു. ചുമട്ടുതൊഴിലാളികളുടെ സന്ദർഭോചിത ഇടപെടൽ കാരണം വൻ ദുരന്തം ഒഴിവായി. ഇന്ന് രാവിലെ 8.45നാണ് ദേശീയ പാതയിൽ സോണി ഇലക്ട്രോണിക്സിൻ്റെ പുറക് വശത്തുള്ള വനിതാ ഹോട്ടലിലെ ഗ്യാസടുപ്പുകൾക്ക് തീപിടിച്ചത്. ചെറുകുന്ന് സ്വദേശി നെടുവോടൻ വീട്ടിൽ ഉഷയുടെ നേതൃത്വത്തിലുള്ള സ്ത്രീകൾ നടത്തുന്നതാണ് ഹോട്ടൽ. രണ്ട് ഗ്യാസടുപ്പുകളും കുറ്റികളും അടുത്തടുത്ത് വെച്ച് കത്തിക്കുന്നതിനിടയിൽ ഒരു അടുപ്പിൻ്റെ ചൂടിൽ അടുത്തു വെച്ച അടുപ്പിൻ്റെ ട്യൂബ് ഉരുകി ഗ്യാസ് പുറത്തേക്ക് വന്ന് ആളിപ്പടരുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ ഹൈവേയിലെ ചുമട്ടുതൊഴിലാളികൾ ജീവൻ പണയം വെച്ച് റഗുലേറ്ററിൻ്റെ കണക്ഷൻ ഒഴിവാക്കിയതാണ് വൻ അപകടം ഉണ്ടാകുന്നത് ഒഴിവാക്കിയത്. തളിപ്പറമ്പ് അഗ്നിശമന നിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ ടി.അജയൻ്റെ നേതൃത്വത്തിൽ സേനാംഗങ്ങുളും സ്ഥലത്തെത്തി തീ പടരുന്നത് തടഞ്ഞു.കെ.പി.മുസ്തഫ, എൻ.ബി.ഷാഹുൽ, ടി. സുബൈർ, പി.കെ.മുസ്തഫ, വി.പി.റസാക്ക്, എം.പി. സാദിരി ,പി.കെ.ഷംഷീർ എന്നീ ചുമട്ടുതൊഴിലാളികളാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.