വയോധികയുടെ കഴുത്തിൽ നിന്നും മാല മോഷ്ടിച്ച പ്രതിയെ പോലീസ് പിടികൂടി

 

മട്ടന്നൂർ:-വയോധികയുടെ കഴുത്തിൽ നിന്നും മാല കവർച്ച ചെയ്ത കേസിലെ പ്രതിയെ മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരോട് പുളിയൻകണ്ടി വീട്ടിൽ ടി.കെ ഷിഹാബുദ്ദീനെ (26) യാണ് മട്ടന്നൂർ ഇൻസ്‌പെക്ടർ എം കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ വർഷം ആഗസ്റ്റ് നാലിനായിരുന്നു കേസിന് ആസ്പദമായ സംഭവം. പട്ടാന്നൂർ ചോലയിലെ വയോധികയുടെ സ്വർണ മാല കവർന്ന കേസിലാണ് ഇയാളെ മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്. മോഷണത്തിന് ശേഷം പ്രതി ദീര്‍ഘകാലമായി ബംഗളൂരു, മൈസൂരു തുടങ്ങിയ സ്ഥലങ്ങളില്‍ മാറി മാറി താമസിച്ചു വരികയായിരുന്നു.

പോലീസിന്‍റെ ശാസ്ത്രീയമായ അന്വേഷണത്തിന് ഒടുവില്‍ പ്രതി വലിയന്നൂർ ചാപ്പയിലുള്ള ബന്ധുവീട്ടില്‍ എത്തിയ സമയത്ത് പോലീസ് പിടികൂടുകയായിരുന്നു. 78 വയസ്സായ സ്ത്രീയുടെ കഴുത്തില്‍ ധരിച്ചിരുന്ന നാലര പവന്‍ തൂക്കം വരുന്ന സ്വര്‍ണ മാല സംഭവ ദിവസം രാവിലെ 8.30ന് വീടിന്‍റെ അടുക്കള ഭാഗത്ത് വച്ച് പിടിച്ചു പറിക്കുകയായിരുന്നു.

എസ്‌ഐ ഉമേഷ്, എഎസ്ഐമാരായ ക്ഷേമന്‍, സിദ്ധിക്, സിപിഒ ഹരിത്ത് തുടങ്ങിയവര്‍ പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. 2000 ത്തോളം മൊബൈല്‍ കാളുകള്‍ പരിശോധിക്കുകയും നിരവധി പേരെ ചോദ്യം ചെയ്യുകയും ചെയ്തതിന്‍റെ അടിസ്ഥാനത്തില്‍ ആണ് പ്രതിയെക്കുറിച്ചുള്ള സൂചന പോലീസിന് ലഭിക്കുന്നത്. 

പ്രതി അന്നേ ദിവസം പ്രദേശത്തെ കള്ള് ഷാപ്പില്‍ എത്തിയതായി പോലീസ് കണ്ടെത്തി. മോഷ്ട്ടിച്ച സ്വര്‍ണ്ണം പ്രതി ബംഗളൂരുവിൽ സ്വര്‍ണ കടയില്‍ വില്‍പ്പന നടത്തിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ പരാതിക്കാരിയായ സ്ത്രീ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു.

Previous Post Next Post