ചേലേരി:- നേതാജി സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ വായനാദിന ആചരണവും പി.എൻ.പണിക്കർ അനുസ്മരണ പ്രഭാഷണവും സംഘടിപ്പിച്ചു. കേരളാ സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ 2022 ജൂൺ 19മുതൽ ജൂലൈ 7വരെ വായനാ പക്ഷാചരണം വിവിധ അനുസ്മരണ - സാംസ്കാരിക പരിപാടികളായി നടത്തുകയാണല്ലോ. വായനശാലാ പ്രസിഡണ്ട് ശ്രീ.മുരളീധരൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ശ്രീ.കെ.വിനോദ് കുമാർ സ്വാഗതം പറഞ്ഞു. ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പെരുന്തച്ചൻ എന്ന് വിശേഷിപ്പിക്കുന്ന .പി.എൻ.പണിക്കരെ അനുസ്മരിച്ചു കൊണ്ട് തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അംഗം ശ്രീ.വിനോദ്.പി.ചേലേരി അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിൽ കൊളച്ചേരി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടും വായനശാലയുടെ മുൻ പ്രസിഡണ്ടും രക്ഷാധികാരിയുമായ ശ്രീ.എം.അനന്തൻ മാസ്റ്റർ, ശ്രീ.കെ.കലേഷ്, വനിതാ വേദി പ്രസിഡണ്ട് ശ്രീമതി.ഇ.പി.വിലാസിനി.എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജോ.സെക്രട്ടറി ശ്രീ.ബേബി രഞ്ജിത്ത് നന്ദി പ്രകാശിപ്പിച്ചു.