കനാൽ റോഡ് ചളിമയം; പ്രദേശവാസികൾ ദുരിതത്തിൽ


കൊളച്ചേരി :-
താറുചെയ്യാത്ത  കനാൽ റോഡുകൾ മഴ കൂടി പെയ്തതോടെ വഴി നടക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലായി. പൂർണ്ണമായും ചെളിമയമായ റോഡിലൂടെ വാഹനങ്ങൾക്ക് കടന്നു പോകാൻ പോലും സാധിക്കുന്നില്ല.

കൊളച്ചേരി ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രത്തിന് സമീപത്തായുള്ള കനാൽ റോഡ് പൂർണ്ണമായും ചളിക്കുളമായതോടെ പ്രദേശവാസികൾക്ക് സുരക്ഷിതമായി റോഡിലൂടെ  വീട്ടിലെത്താൻ സാധിക്കാത്ത സ്ഥിതിയാണ്. സ്കൂളിലേക്കു നിരവധി കുട്ടികൾ കടന്നു പോകുന്ന കനാൽ റോഡ് ഈ അവസ്ഥയിലായത് വൻ ദുരിതമായിരിക്കുകയാണ്. പ്രദേശവാസികൾ വളരെ കഷ്ടപ്പെട്ട് മറ്റുവഴികൾ ആശ്രയിക്കേണ്ട ദുരവസ്ഥയിലാണ് ഇപ്പോൾ.

കനാൽ റോഡുകൾ താറുചെയ്യാൻ യഥാസമയം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഇറിഗേഷൻ വകുപ്പ്  അനുമതി നൽകാത്തതാണ് റോഡുകളുടെ ദുരവസ്ഥയ്ക്ക് പ്രധാന കാരണം. റോഡു താറുചെയ്യാൻ അനുമതിക്കായി അപേക്ഷ ലഭിച്ചാൽ അവയ്ക്ക് അനുമതി നൽകില്ലെന്ന് മാത്രമല്ല അവ താറു ചെയ്യേണ്ട കാര്യമില്ലെന്ന നിലപാടിലാണ് ഇറിഗേഷൻ വകുപ്പ് സ്വീകരിക്കുന്നത്.

കനാൽ പൂർണ്ണമായും കാടുപിടിച്ച് കിടക്കാൻ തുടങ്ങിയിട്ട് കാലമേറെയായിട്ടും ഇറിഗേഷൻ വകുപ്പ് അവയിലൊന്നും കാര്യമായ നടപടി കൈകൊള്ളാത്തത് ജനങ്ങളെ ദുരിതത്തിലേക്കാണ് തള്ളിവിടുന്നത്. കനാലുകൾ  മാലിന്യങ്ങൾ തള്ളാനുള്ള ഇടങ്ങളായി കാണുന്നവരും കുറവല്ല.



Previous Post Next Post