ദേശീയ പാതയ്ക്ക് വേണ്ടിയുള്ള കുന്നിടിക്കലിൽ സാമൂഹ്യ നിയന്ത്രണം വേണം - പരിഷത്ത്


മയ്യിൽ:-  
ദേശീയപാതയുടെ പേരിൽ നടക്കുന്ന കുന്നിടിക്കൽ നിയന്ത്രണമില്ലാതെ തുടർന്നാൽ വലിയ ദുരന്തങ്ങളാണ് വരുത്തിവെയ്ക്കുകയെന്നും അതിനാൽ സർക്കാർ സംവിധാനങ്ങളും പ്രാദേശിക ഭരണകൂടങ്ങളും ജനങ്ങളും ഇടപെട്ട് സാമൂഹ്യ നിയന്ത്രണം ഏർപ്പെടുത്തണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മയ്യിൽ ടൗണിൽ സംഘടിപ്പിച്ച സായാഹ്ന ധർണയിൽ അഭിപ്രായമുയർന്നു.

നിലവിലുള്ള നിയമങ്ങളെല്ലാം അപ്രസക്തമാക്കിക്കൊണ്ടാണ് ഇപ്പോൾ ഖനനം നടക്കുന്നത്.ഇതിൻ്റെ ഇരയാണ് അരിമ്പ്രയിൽ അർദ്ധരാത്രിയിലും കുന്നിടിക്കുന്നതിനിടയിൽ മണ്ണും  പാറയുമിടിഞ്ഞ് വീണ് മരണപ്പെടേണ്ടി വന്ന യു.പി സ്വദേശിയായ നൗഷാദ് എന്ന ജെ.സി.ബി ഓപ്പറേറ്റർ എന്നും ധർണ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിച്ച സി.പി.ഹരീന്ദ്രൻ പറഞ്ഞു.

അടിമവ്യവസ്ഥയിൽ പോലുമില്ലാത്ത രീതിയിൽ തൊഴിൽ നിയമങ്ങൾ പോലും കാറ്റിൽ പറത്തിയാണ് മണ്ണെടുപ്പ് നടക്കുന്നത്. വലിയ പാരിസ്ഥിതിക പ്രാധാന്യമുള്ള കുന്നുകൾ പലതും അപ്രത്യക്ഷമായിക്കഴിഞ്ഞു. മഴക്കാലമെത്തുന്നതോടെ കൂടുതൽ ദുരന്തങ്ങൾക്ക് സാധ്യതയുണ്ട്. അതിനാൽ ബന്ധപ്പെട്ടവരുടെ അടിയന്തിര ഇടപെടൽ ഉണ്ടാവേണ്ടതുണ്ട്. പരിഷത്ത് ഒരു വികസന വിരുദ്ധ സംഘടനയല്ല. ദേശീയപാതാ വികസനം അനിവാര്യമാണ്. എന്നാൽ അതിൻ്റെ മറവിൽ വൻതോതിലുള്ള മണ്ണ് കടത്തൽ നടക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. പ്രകൃതിയുടെ കനിവുകൾ ഇല്ലാതാക്കിയാൽ വരും തലമുറക്ക് കൈമാറുന്നത് മരുപ്പറമ്പായിരിക്കും. അദ്ദേഹം പറഞ്ഞു. 

പരിസ്ഥിതി ശാസ്ത്രജ്ഞനും ജില്ലാ പരിസര വിഷയ സമിതി ചെയർമാനുമായ ഡോ. ടി.കെ.പ്രസാദ്, ജില്ലാ പ്രസിഡൻറ് പി.കെ.സുധാകരൻ, ജില്ലാ ജോ. സെക്രട്ടരി പി.സൗമിനി ടീച്ചർ എന്നിവർ സംസാരിച്ചു. മേഖലാ പ്രസിഡൻ്റ് എ.ഗോവിന്ദൻ അധ്യക്ഷനായി.സെക്രട്ടരി പി. കുഞ്ഞികൃഷ്ണൻ സ്വാഗതവും മയ്യിൽ യൂനിറ്റ് സെക്രട്ടരി കെ.കെ.കൃഷ്ണൻ നന്ദിയും പറഞ്ഞു.





Previous Post Next Post