ആദ്യാക്ഷരം പഠിച്ച സ്കുളിലേക്ക് മൂന്നു പതിറ്റാണ്ടിനിപ്പുറം അവരെത്തി - 'മഷിത്തണ്ട് ' പൂർവ വിദ്യാർഥി സംഗമം ഹൃദ്യമായി


കൊളച്ചേരി :- ഒന്നാം ക്ലാസിൽ പഠിപ്പിച്ച സൗമിനി ടീച്ചർ ഹാജർ വിളിച്ചപ്പോൾ മുപ്പതു കൊല്ലത്തിൻ്റെ ദൂരം അലിഞ്ഞില്ലാതെയായി. പ്രായം സമ്മാനിച്ച അടയാളങ്ങൾക്കിപ്പുറം അവർ കുഞ്ഞുങ്ങളായി.കൂടെ വന്ന സ്കൂൾ വിദ്യാർഥികളായ അവരുടെ മക്കൾക്ക് കൗതുകം. 

കൊളച്ചേരി ഇ.പി. കൃഷ്ണൻ നമ്പ്യാർ സ്മാരക എ എൽ പി സ്കൂളാണ് അപൂർവമായ സംഗമത്തിന് വേദിയായത്.28 കുട്ടികളിൽ 22 പേർ നേരിട്ടും വിദേശത്തുള്ള 4 പേർ ഓൺലൈനായും പങ്കെടുത്തു. അവരെ പഠിപ്പിച്ച അധ്യാപകരുമെത്തിയപ്പോൾ ആഹ്ലാദത്തിൻ്റെ അലയടികളുയർന്നു. കമലാക്ഷി ടീച്ചറും ഗീത ടീച്ചറും വർഷങ്ങൾക്കിപ്പുറം ഓരോരുത്തരെയും ഓർത്ത് പേര് ചൊല്ലി വിളിച്ചത് എല്ലാവരിലും വിസ്മയമുണർത്തി. കുട്ടികളുടെ ആഗ്രഹത്തിനനുസരിച്ച് അധ്യാപകർ പാട്ടുകൾ പാടി,കഥകൾ പറഞ്ഞു. 

പൂർവ വിദ്യാർഥികളും മക്കളും പാട്ടുകളും നൃത്തവും അവതരിപ്പിച്ചു.അന്തരിച്ച അധ്യാപകൻ ജി.വിജയകുമാരൻ നമ്പൂതിരി മാഷിൻ്റെ ചിത്രം വരച്ചാണ് ചിത്രകാരൻ കൂടിയായ ഷിജിത്ത് വന്നത്.ചടങ്ങിനെത്താൻ പറ്റാതിരുന്ന അന്നത്തെ ഹെഡ്മാസ്റ്റർ ജി.വിശാഖൻ മാഷെ വീട്ടിൽ പോയി ആദരിച്ചു.രൂമേഷ്.വി സ്വാഗതം പറഞ്ഞു. രേഷ്മ അധ്യക്ഷയായി. അധ്യാപകരായ സി കമലാക്ഷി, പി.സൗമിനി, സി.ഗീത, ടി.മുഹമ്മദ് അഷ്റഫ്, പ്രധാന അധ്യാപകൻ വി.വി.ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.

നമ്പൂതിരി മാഷെയും കഞ്ഞിയും പയറും പാചകം ചെയ്തിരുന്ന മാതിയമ്മയെയും ചടങ്ങിൽ എം.ഷിജിത്ത് അനുസ്മരിച്ചു. പി.പി.കുഞ്ഞിരാമൻ, കെ.വി.ശങ്കരൻ, ടി.വി.സുമിത്രൻ തുടങ്ങിയവർ ആശംസ നേർന്നു.


Previous Post Next Post