കണ്ണൂർ :- കണ്ണൂരിലെ ഫാത്തിമാ ഗോൾഡിന് ബ്രാഞ്ചോ, ഫ്രാഞ്ചൈസിയോ ഇല്ലെന്നും ഫാത്തിമാ ഗോൾഡിൻ്റെ ലോഗോ ഉപയോഗിച്ച് കമ്പിൽ ജ്വല്ലേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി നിക്ഷേപ തട്ടിപ്പ് നടത്തുകയായിരുന്നെന്ന് ഫാത്തിമാ ഗോൾഡ് മാനേജ്മെൻറ് ഭാരവാഹികൾ കണ്ണൂരിൽ പത്ര സമ്മേളനത്തിൽ പറഞ്ഞു. ഫാത്തിമാ ഗോൾഡിൽ രജിസ്റ്റർ ചെയ്ത എല്ലാവർക്കും ലാഭവിഹിതം നൽകുന്നുണ്ടെന്നും ആർക്കും പരാതിയില്ലെന്നും ഭാരവാഹികൾ പറഞ്ഞു.
ഫാത്തിമാ ഗോൾഡിൻ്റെ മുൻ എംഡിയായിരുന്ന മുഹമ്മദ് റാഫി എളമ്പാറ എന്നയാളാണ് ഈ പണം പിരിച്ചെടുത്തതെന്നും തട്ടിപ്പിനു പിന്നിൽ ഇദ്ദേഹമാണെന്നും ഇദ്ദേഹവുമായി ഫാത്തിമാ ഗോൾഡിന് നിലവിൽ യാതൊരു ബന്ധവുമില്ലെന്നും ഭാരവാഹികൾ പറഞ്ഞു. റാഫി ഇളമ്പാറയാണ് ദാനാ ഗോൾഡിൻ്റെ എംഡിയെന്നും അതിലെ ഡയരക്ടർമാർ ആരും തന്നെ ഫാത്തിമാ ഗോൾഡിൻ്റെ ഡയരക്ടർമാരല്ലെന്നും അവർ പറഞ്ഞു.
2012 മുതൽ ഫാത്തിമാ ഗോൾഡിൻ്റെ പേരിൽ നിക്ഷേപങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നും അതിൽ ഉപയോഗിച്ച ലോഗോ ഫാത്തിമാ ഗോൾഡിൻ്റെതാണെങ്കിലും അത് ഇവരുടെ സമ്മതമില്ലാതെയായിരുന്നെന്നും ഭാരവാഹികൾ പറഞ്ഞു.
റാഫി ഇളമ്പാറ മുമ്പ് ഫാത്തിമാ ഗോൾഡ് എംഡിയായിരുന്നെന്ന് സമ്മതിച്ച ഭാരവാഹികൾ ഇപ്പോൾ അദ്ദേഹവുമായി ഫാത്തിമ ഗോൾഡിന് ബന്ധമില്ലെന്ന് പറഞ്ഞാണ് ഭാരവാഹികൾ നിക്ഷേപ തട്ടിപ്പിൽ നിന്നും തടിയൂരുന്നത്.
കൂടാതെ ഇപ്പോൾ അറസ്റ്റ് ചെയ്ത് ജയിലിലായ അബ്ദുൾ സമദ് നിരപരാധിയാണെന്നും ആ കേസ് കള്ളകേസാണെന്ന വാദവും മാനേജ്മെൻ്റ് വാർത്താ സമ്മേളനത്തിൽ പങ്കുവെച്ചു.
മാനേജിങ്ങ് ഡയരക്ടർ മുസന്നിഫറത്ത് സൂപ്പ്യാറകത്ത് , ഡയരക്ടർ എൽ സി മുഹമ്മദ് ഖാസിം, ജനറൽ മാനേജർ മുജീബ് സി ,എക്കൗണ്ടന്റ് ലതീഷ് കെ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.