കണ്ണൂർ:-ജില്ലയിൽ തുടരുന്ന കനത്ത മഴയിൽ വിവിധ ഭാഗങ്ങളിൽ നാശനഷ്ടം. മൂന്ന് വീടുകൾ ഭാഗികമായി തകർന്നു. മട്ടന്നൂർ-ഇരിക്കൂർ റോഡിൽ നായിക്കാലിയിൽ പുഴയോരം ഇടിഞ്ഞു. തളിപ്പറമ്പ് താലൂക്കിലെ മയ്യിലിൽ രണ്ട് വീടുകൾ ഭാഗികമായി തകർന്നു. പയ്യന്നൂർ താലൂക്കിലെ കക്കറ ജി യു പി സ്‌കൂളിന്റെ മതിൽ തകർന്നു. ഏഴിലോട് കല്ലമ്പള്ളി റോഡിൽ കാർത്യായനിയുടെ വീടിന് മുകളിൽ മരം വീണ് മേൽക്കൂര തകർന്നു. ഏഴോം വില്ലേജിലെ മുട്ടുകണ്ടിയിൽ അരിങ്കളൻ ദേവിയുടെ വീടിനോട് ചേർന്ന മതിൽക്കെട്ട് തകർന്ന് നാശനഷ്ടം സംഭവിച്ചു. വീടിനും ചെറുതായി നാശനഷ്ടം ഉണ്ടായി. പിണറായി പാറപ്രത്ത് രണ്ട് വീടുകളിൽ വെള്ളം കയറി. വീട്ടുകാർ ബന്ധുവീടുകളിലേക്ക് താമസം മാറ്റി.
മുഴപ്പിലങ്ങാട് കുളം ബസാറിന് പടിഞ്ഞാറ് ഭാഗത്ത് വാഹിദ് മാസ്റ്റർ റോഡിന് സമീപം നാലു വീടുകളിൽ വെള്ളം കയറി. തോട്ടട എസ് എൻ കോളജിനു സമീപത്തെ ബീനയുടെ വീട്ടിലേക്ക് മണ്ണിടിഞ്ഞു. മാട്ടൂൽ സൗത്ത് മുസ്ലിംലീഗ് ഓഫീസിനു സമീപത്തെ വീടുകളിലും കണ്ണൂർ പുല്ലൂപ്പിക്കടവിലും വെള്ളംകയറി.