കൊളച്ചേരി :- സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും കെ.എസ് & എ സി മുൻ പ്രസിഡൻ്റുമായിരുന്ന കെ.വി.രവീന്ദ്രൻ്റെ സ്മരണാർഥം ഏർപ്പെടുത്തിയ കൊളച്ചേരി ഗ്രാമ പ്രതിഭാ പുരസ്കാരം നർത്തകിയും ചലച്ചിത്ര അഭിനേത്രിയുമായ മാളവികാ നാരായണന്. നാട്ടുകാരിൽ നിന്ന് ലഭിച്ച നാമനിർദ്ദേശങ്ങൾ ജൂറി കമ്മറ്റി പരിശോധിച്ചാണ് പുരസ്കാര ജേതാവിനെ നിശ്ചയിച്ചത്.
ചെറുപ്പകാലം മുതൽക്കു തന്നെ നൃത്തകല അഭ്യസിക്കുകയും അസാധാരണമായ അർപ്പണത്തോടെയും തന്മയത്വത്തോടെയും നിരവധി വേദികളിൽ അവതരിപ്പിക്കുകയും സംസ്ഥാനതലം വരെയുള്ള കലോത്സവ വേദികളിൽ മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുള്ള മാളവിക യുവതലമുറയിലെ ശ്രദ്ധേയയായ വ്യക്തിയാണെന്ന് ജൂറി വിലയിരുത്തി.സിനിമാ അഭിനയരംഗത്ത് ദക്ഷിണേന്ത്യയിലെ പുതുമുഖ നടിക്കുള്ള ഹൈദരാബാദ് സുമൻ ടി.വി പുരസ്കാരത്തിന് അർഹയായ മാളവിക കലാരംഗത്ത് കൊളച്ചേരി ഗ്രാമത്തിൻ്റെ സംഭാവനയാണ്.
അഞ്ചു വയസ്സു മുതൽ നൃത്തം അഭ്യസിച്ചു തുടങ്ങിയ മാളവിക ഏഴാം ക്ളാസ് മുതൽ കലോത്സവ വേദികളിൽ പങ്കെടുത്തു തുടങ്ങി. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, മാർഗ്ഗംകളി, ഒപ്പന എന്നീ ഇനങ്ങളിൽ മത്സരിച്ചു. 2016-17 ൽ നടന്ന കേരള സ്കൂൾ കലോത്സവത്തിൽ സംസ്ഥാന തലത്തിൽ ഭരതനാട്യ മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു. ജില്ലാ തലത്തിൽ മോഹിനിയാട്ടം, കുച്ചുപ്പുടി, മത്സരത്തിൽ രണ്ടു൦ മൂന്നു൦ സ്ഥാനം ലഭിച്ചു. 2017-18 ൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കുച്ചുപ്പുടി മത്സരത്തിൽ ഏ ഗ്രേഡ് ലഭിച്ചു. കേരളോൽസവ വേദികളിലും പങ്കെടുത്തിട്ടുണ്ട്. ജില്ലാ, സംസ്ഥാന തലങ്ങളിൽ മത്സരിച്ചു. കുച്ചുപ്പുടിയിൽ ഏ ഗ്രേഡ് ലഭിച്ചിട്ടുണ്ട്. 2019-2021 ൽ നടന്ന കണ്ണൂർ യൂനിവേഴ്സിറ്റി കലോത്സവത്തിൽ മോഹിനിയാട്ട മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു. 2022-23 ൽ ഈ കഴിഞ്ഞ യൂനിവേഴ്സിറ്റി കലോത്സവത്തിൽ ഭരതനാട്യം, കുച്ചുപ്പുടി,മത്സരങ്ങളിൽ ഒന്നാം സ്ഥാനം ലഭിച്ചു.കലാമണ്ഡലം ലീലാമണിയുടെ ശിക്ഷണത്തിൽ കണ്ണൂർ കലാരഞ്ജിനിയിലും അഴീക്കോട് തപസ്യ കലാക്ഷേത്രയിലുമാണ് നൃത്തം അഭ്യസിച്ചത്.
2018 ൽ 'അടുത്ത ചോദ്യം ' എന്ന മലയാള ചലച്ചിത്രത്തിൽ അഭിനയിച്ചു. 2019 ൽ ഉരിയാട്ട് എന്ന മലയാള ചിത്രത്തിൽ നായികാ വേഷം ചെയ്തു. 2021 ൽ ഹൈദരാബാദിൽ വെച്ചു നടന്ന സന്തോഷ൦ സുമൻ ടി. വി സൗത്ത് ഇന്ത്യൻ ഫിലിം അവാർഡ് വേദിയിൽ പുതുമുഖ നടിക്കുള്ള അവാർഡ് കരസ്ഥമാക്കി. ഈ അടുത്ത് പുറത്തിറങ്ങാനിരിക്കുന്ന ജോഷി സംവിധാനം ചെയ്ത സുരേഷ് ഗോപി നായകനാകുന്ന 'പാപ്പൻ'എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്.
കെ.വി.രവീന്ദ്രൻ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് ജൂലൈ 24 വൈകു. 5 ന് നണിയൂർ എൽ പി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ വെച്ച് ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ അഡ്വ.കെ.കെ.രത്നകുമാരി പുരസ്കാരം നൽകും.