കണ്ണൂർ:-പൊതുമരാമത്ത് വകുപ്പിന് കീഴിലെ റോഡരികിലെ അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുമാറ്റാനും ഓവുചാലുകൾ ശുചീകരിക്കാനും അടിയന്തര നടപടി സ്വീകരിക്കാൻ പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം എക്സിക്യൂട്ടിവ് എഞ്ചിനിയർക്ക് ജില്ലാ ആസൂത്രണ സമിതി യോഗം നിർദേശം നൽകി. കാലവർഷം ശക്തമായിട്ടും ഇതുമായി ബന്ധപ്പെട്ട പരാതികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് ഉയർന്ന സാഹചര്യത്തിലാണിത്. തദ്ദേശ സ്ഥാപനങ്ങളിൽ അപേക്ഷ ലഭിക്കുന്ന മുറക്ക് അതത് അസി. എഞ്ചിനീയർമാർ വേഗത്തിൽ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ 11 തദ്ദേശ സ്ഥാപനങ്ങളുട 2022-23 വർഷത്തെ വാർഷിക പദ്ധതികൾക്ക് അംഗീകാരം നൽകി. കല്യാശ്ശേരി ബ്ലോക്ക്, കാങ്കോൽ-ആലപ്പടമ്പ്, ചെറുകുന്ന്, ചൊക്ലി, തില്ലങ്കേരി, മയ്യിൽ, പടിയൂർ-കല്ല്യാട്, പരിയാരം, മൊകേരി, കൊട്ടിയൂർ, ആറളം എന്നീ പഞ്ചായത്തുകളുടെയും വാർഷിക പദ്ധതികൾക്കാണ് അംഗീകാരം നൽകിയത്. കല്ല്യാശ്ശേരി ബ്ലോക്ക്, ചൊക്ലി, മയ്യിൽ, കൊട്ടിയൂർ എന്നീ നാലു തദ്ദേശ സ്ഥാപനങ്ങളുടെ നൂതന പദ്ധതികളും യോഗം അംഗീകരിച്ചു. ഇതോടെ ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകിയ തദ്ദേശ സ്ഥാപനങ്ങളുടെ എണ്ണം 14 ആയി. അടുത്ത യോഗം 16നു ഉച്ചയ്ക്ക് 12ന് ജില്ലാ ആസൂത്രണ സമിതി ഹാളിൽ ചേരും.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും ജില്ലാ ആസൂത്രണ സമിതി അധ്യക്ഷയുമായ പി പി ദിവ്യ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, ജില്ലാ ആസൂത്രണ സമിതി അംഗങ്ങളായ അഡ്വ. കെ കെ രത്നകുമാരി, അഡ്വ. ടി സരള, വി ഗീത, കെ താഹിറ, എൻ പി ശ്രീധരൻ, ഇ വിജയൻ മാസ്റ്റർ, ലിസി ജോസഫ്, ശ്രീന പ്രമോദ്, സർക്കാർ നോമിനി കെ വി ഗോവിന്ദൻ, ജില്ലാ പ്ലാനിങ് ഓഫീസർ കെ പ്രകാശൻ എന്നിവർ പങ്കെടുത്തു.