കണ്ണൂർ:- കല്യാശ്ശേരി മണ്ഡലത്തിൽ വ്യവസായ വകുപ്പിന്റെ സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി ഇതുവരെ പത്ത് പഞ്ചായത്തുകളിലായി ആകെ 22.89 കോടി രൂപയുടെ 337 സംരംഭങ്ങൾ തുടങ്ങി. ആറ് മാസത്തിനകം 720 സംരംഭങ്ങൾ കൂടി ആരംഭിക്കും. മണ്ഡലത്തിൽ 1057 സംരംഭങ്ങളാണ് ലക്ഷ്യമിടുന്നത്. സംരംഭക വർഷത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ചുരുങ്ങിയത് ഒരുലക്ഷം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ ആരംഭിച്ച് നാല് ലക്ഷം വരെ ആളുകൾക്ക് തൊഴിൽ നൽകാനുള്ള ബൃഹത്തായ പദ്ധതിയാണ് ഇതര വകുപ്പുകളുടെ സഹകരണത്തോടെ വ്യവസായ വകുപ്പ് ആരംഭിച്ചിട്ടുള്ളത്.
കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന സംരംഭക വർഷം അവലോകന യോഗത്തിലാണ് തീരുമാനം. എം വിജിൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ജില്ലയിലെ ആദ്യ അവലോകന യോഗമാണ് നടന്നത്. മണ്ഡലത്തിൽ വ്യവസായ വാണിജ്യ വകുപ്പ് മന്ത്രിയെ പങ്കെടുപ്പിച്ച് ശിൽപശാല സംഘടിപ്പിക്കും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിർ അധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം മാനേജർ അബ്ദുൾ റാജിബ് മോഡേററ്ററായി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് എം ശ്രീധരൻ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എസ് ഷിറാസ്, ഉപജില്ല വ്യവസായ ഓഫീസർ കെ അരവിന്ദാക്ഷൻ, ബ്ലോക്ക് വ്യവസായ വികസന ഓഫീസർ ആർ കെ സ്മിത, മണ്ഡലത്തിലെ പഞ്ചായത്ത് പ്രസിഡണ്ടുമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.