കുറുമാത്തൂരിൽ 391 കിലോ ചന്ദനം പിടിച്ചു; വീട്ടുടമ അറസ്റ്റിൽ

 



തളിപ്പറമ്പ്: കുറുമാത്തൂർ കുനം റോഡിന് സമീപം വീട്ടിനുള്ളിലും ഷെഡിലും സൂക്ഷിച്ച 391 കിലോ ചന്ദനം പിടികൂടി. വീട്ടുടമ എം. മധുസൂദനനെ (34) അറസ്റ്റു ചെയ്തു. രണ്ടുപേർ ഓടിരക്ഷപ്പെട്ടു. ഞായറാഴ്ച ഉച്ചയ്ക്കുശേഷമാണ് സംഭവം. രഹസ്യവിവരത്തെ തുടർന്നാണ് റേഞ്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. പിടികൂടിയതിൽ 275 കിലോ ചന്ദനച്ചീളുകളാണ്. ചന്ദനത്തടി ചെത്തി വിൽപ്പനയ്ക്ക് ഒരുക്കുകയായിരുന്ന സംഘത്തിലെ രണ്ടുപേരാണ് ഓടിരക്ഷപ്പെട്ടത്.

കുറുമാത്തൂരിലും സമീപപ്രദേശത്തുനിന്നും മുറിച്ചെടുത്തവയാണ് ചന്ദനമരങ്ങൾ. ഒരുമാസത്തിനുള്ളിലാണ് ഇത്രയേറെ ചന്ദനം മുറിച്ചെടുത്തത്. തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി. രതീശൻ, സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ സി. പ്രദീപൻ, ബീറ്റ് ഓഫീസർ പി.പി. രാജീവൻ, ഡ്രൈവർ ജെ. പ്രദീപ് കുമാർ, വാച്ചർമാരായ അനിൽകുമാർ തൃച്ചംബരം, ഷാജി ബക്കളം എന്നിവർ ചന്ദനം പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Previous Post Next Post