മയ്യിൽ:- കവിളിയോട്ടുചാൽ ജനകീയ വായനശാല & ഗ്രന്ഥാലയം, യങ്ങ് സ്റ്റാർ സ്പോർട്സ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ ഓണാലോഷം 'ഓണം പൊന്നോണം' ഒരു നാടിൻ്റെയാകെ ഉത്സവമായി മാറി.
സപ്തംബർ 4 മുതൽ 9 വരെ വൈവിധ്യമാർന്ന പരിപാടികൾക്കാണ് കവിളിയോട്ട് ഗ്രാമം സാക്ഷ്യം വഹിച്ചത്. സപ്തംബർ 4ന് ഫൈവ്സ് ഫുട്ബോൾ ടൂർണ്ണമെൻ്റോടെ തുടങ്ങിയ ഓണാഘോഷം 9ന് രാത്രി കരോക്കെ ഗാനത്തിൻ്റെ സംഗീത വിരുന്നോടെയാണ് സമാപിച്ചത്.അംഗൻവാടി കുട്ടികൾ മുതൽ 70 വയസ്സു കഴിഞ്ഞവർ വരെ പരിപാടികളിൽ മുഴുനീളം ഒരേ ആവേശത്തോടെയാണ് പങ്കെടുത്തത് .തിരുവോണനാളിൽ നടത്തിയ മാവേലിയുടെ ഗൃഹസന്ദർശന യാത്രയ്ക്ക് എല്ലാ വീടുകളിലും സ്വീകരണം നൽകി.
കുട്ടികളുടേയും മുതിർന്നവരുടേയും വിവിധ മത്സരങ്ങളിൽ പങ്കാളിത്തം കൂടിയതിനാൽ രാത്രി വൈകും വരെ പരിപാടി നീണ്ടു. ഫുട്ബോൾ, ബാസ്കറ്റ് ബോൾ, ഷട്ടിൽ തുടങ്ങിയ മത്സരങ്ങൾ, കായിക രംഗത്ത് കവിളിയോട്ടുചാലിൻ്റെ ഭാവി വാഗ്ദാനങ്ങൾ തമ്മിലുള്ള മാറ്റുരയ്ക്കലായി. ആറു ദിവസം നീണ്ടു നിന്ന ഓണാഘോഷ പരിപാടികളുടെ സമാപന സമ്മേളനം 9ന് വൈകുന്നേരം കവയിത്രി കെ.വത്സല ഉദ്ഘാടനം ചെയ്തു.
മയ്യിൽ ഗ്രാമ പഞ്ചായത്തംഗം ഇ.എം.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.പി.കുഞ്ഞിക്കൃഷ്ണൻ (ലൈബ്രറി കൗൺസിൽ നേതൃസമിതി ,മയ്യിൽ മേഖല) ആശംസാ പ്രസംഗം നടത്തി. സംഘാടക സമിതി ചെയർമാൻ സി.കെ.പ്രേമരാജൻ സ്വാഗതവും ലൈബ്രറി എക്സിക്യുട്ടീവ് അംഗം കെ.സന്തോഷ് നന്ദിയും പറഞ്ഞു .മത്സരങ്ങളിൽ വിജയികളായവർക്ക് ടി.ബാലൻ, ഇ .എം.സുരേഷ് ബാബു, ആർ.അച്യുതൻ നമ്പ്യാർ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.