കമ്പിൽ :- കമ്പിൽ മാപ്പിള ഹൈസ്കൂളിൽ 1976-77 വർഷം 10-ാം തരം ബി ക്ലാസ്സിൽ പഠിച്ചവരുടെയും കുടുംബാംഗങ്ങളുടെയും സംഗമം ഇക്കഴിഞ്ഞ ദിവസം കൊളച്ചേരി മുക്കിലുള്ള AKPA ഹാളിൽ നടന്നു. പട്ടുവം ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി. പി.പി.സുകുമാരി സംഗമം ഉൽഘാടനം ചെയ്തു. പി.സുരേന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ കെ.എം.ഗംഗാധരൻ, പി.കെ.രഘുനാഥൻ തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു. പി.വി.രാജേന്ദ്രൻ സ്വാഗതവും സി.കെ.പ്രേമരാജൻ നന്ദിയും പറഞ്ഞു.
ശചീന്ദ്രൻ, രാധാഗിരിജ, രാജ് മോഹൻ, രാധ, പ്രേമജ, വത്സൻ എന്നിവരുടെ ദേഹവിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.
പരിപാടിയിൽ, സഹപാഠിയായ മുല്ലക്കൊടിയിലെ പി.ഭാസ്കരന്റെ മാതാവ് ചേയ്യിയെ ആദരിച്ചു.
" ലഹരി -മയക്കുമരുന്ന് വ്യാപനത്തിന്റെ ദുരന്തങ്ങളെക്കുറിച്ചും അതിനെ പ്രതിരോധിച്ച് ഉന്മൂലനം ചെയ്യേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും മുണ്ടേരി ചന്ദ്രൻ പ്രഭാഷണം നടത്തി.
തുടർന്ന് പ്രമീള. പി , സുഷമ പി, പ്രേമരാജൻ, AKPA യുടെ പ്രവർത്തകൻ സി.പി.രാജീവൻ എന്നിവർ ഗാനങ്ങൾ ആലപിക്കുകയും പി.വി.രാജേന്‌ദ്രൻ കവിത ചൊല്ലുകയും ചെയ്തു. പങ്കെടുത്ത മുഴുവനാളുകളും സ്വയം പരിചയപ്പെടുത്തി സംസാരിച്ചു. ഓർമ്മിക്കാനുതകുന്ന വിധം ഇത്തരത്തിൽ ഒരു സംഗമം സംഘടിപ്പിച്ചതിന്റെ ഔചിത്യത്തെ പങ്കെടുത്തവരിൽ ചിലർ ശ്ലാഘിച്ചു. തുടർന്നും, ഇടവേളകളിൽ ഇത്തരം കൂടിച്ചേരലുകൾ നടത്താൻ സാധിക്കട്ടെ എന്നും ആശംസിച്ചു.
നാലര പതിറ്റാണ്ടിന് ശേഷം നടന്ന സംഗമം പങ്കാളിത്തം കൊണ്ടും സന്തോഷനിർഭരമായ മുഹൂർത്തങ്ങളുടെ സമ്മേളനം കൊണ്ടും പ്രശോഭിതമായി. ഭക്ഷണ ശേഷം പഠിതാക്കളുടെ ഫോട്ടോയും , പഠിതാക്കളും കുടുംബാംഗങ്ങളുമൊത്തുള്ള ഫോട്ടോയുമെടുത്താണ് പിരിഞ്ഞത്.