പറശ്ശിനി റോഡ് : കുട്ടിച്ചന്തകളാൽ മനോഹരമായി നണിയൂർ നമ്പ്രം ഹിന്ദു എ.എൽ.പി സ്കൂളിലെ ഇംഗ്ലീഷ് കാർണിവൽ. സർവ ശിക്ഷ കേരളം ' ഇല ' പദ്ധതിയുടെ ഭാഗമായാണ് മേള സംഘടിപ്പിച്ചത്. ഒരു മേളയുടെ എല്ലാ രുചിക്കൂട്ടുകളും നിറഞ്ഞതായിരുന്നു പരിപാടി. കളിപ്പാട്ടം, ബേക്കറി, പൂക്കൾ, ബലൂൺ, തേൻ, അരി തുടങ്ങി വിവിധ സാധനങ്ങൾ ഒരുക്കിയ സ്റ്റാളുകളിൽ കച്ചവടക്കാരായി നിന്നത് വിദ്യാർഥികളായിരുന്നു. സ്റ്റാളിലെത്തിയവരോട് ഇംഗ്ലീഷിൽ കുട്ടികൾ ആശയ വിനിമയം നടത്തി. സ്കൂളിന്റെ തനത് പരിപാടിയായ ഇംഗ്ലീഷ് ലാഡർ ഇതിനകം അംഗീകാരം നേടിയിരുന്നു. ഗെയിംസ് കോർണർ, പായസമേള എന്നിവയും കാർണിവലിൽ ഒരുക്കി.
തളിപ്പറമ്പ് സൗത്ത് ഉപജില്ല എ.ഇ.ഒ. സുധാകരൻ ചന്ദ്രത്തിൽ ഉദ്ഘാടനം ചെയ്തു. ബി.പി.സി. ഗോവിന്ദൻ എടാടത്തിൽ സ്റ്റാൾ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക ടി.എം. പ്രീത അധ്യക്ഷയായി.
സി.ആർ.സി. കോർഡിനേറ്റർ സി.കെ.രേഷ്മ, വിദ്യാർഥികളായ ആരുഷി ആർ.സുനിൽ, ശിവനന്ദ് സുരേഷ്,പി.ടി.എ. പ്രസിഡന്റ് യു.രവീന്ദ്രൻ, എം.പി.ടി.എ. പ്രസിഡന്റ് ദീപ്തി വിജേഷ്, എസ്.എസ്.ജി. കൺവീനർ എം.പി.രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
നാലാംതരം വിദ്യാർഥി ടി.പി. അൻവിതയുടെ പിറന്നാൾ സമ്മാനമായി പണിത സ്റ്റേജിന്റെ ഉദ്ഘാടനവും ഉപജില്ല വിദ്യാഭ്യാസ ഓഫീസർ നിർവഹിച്ചു. സ്കൂളിൽ വാങ്ങിയ കളിയുപകരണങ്ങളുടെ കൈമാറ്റവും നടന്നു. ഇംഗ്ലീഷ് സ്കിറ്റ് , മികവ്, കോറിയോഗ്രാഫി തുടങ്ങിയവയുടെ അവതരണവുമുണ്ടായി.