കൊളച്ചേരി:- ഇ.പി. കൃഷ്ണൻ നമ്പ്യാർ സ്മാരക എ എൽ പി സ്കൂൾ വാർഷികാഘോഷം ആരവം - 23 ൻ്റെ ഭാഗമായി നടന്ന സർഗോത്സവം സഹവാസ ക്യാമ്പ് അറിവ് തേടലിൻ്റെയും കൂട്ടുചേരലിൻ്റെയും പുതുവഴികൾ തുറക്കുന്നതായി. പിലാത്തറ പടവ് തിയേറ്റർ ഗ്രൂപ്പ് ഡയരക്ടർ രഘുനാഥ് പടവ്, അനഘ രഘുനാഥ് എന്നിവർ നയിച്ച തിയേറ്റർ ഗെയിം അഭിനയകലയുടെ പാoങ്ങൾ പകർന്നു .പാവനാടകത്തിനായുള്ള പാവനിർമ്മാണവും സ്‌ക്രിപ്റ്റ് തയ്യാറാക്കലും കുട്ടികൾ തന്നെ നിർവഹിച്ചു.വി.വി. രേഷ്മ ടീച്ചറും വി.വി.രാധേഷ് മാസ്റ്റരും നേതൃത്വം നൽകി.ഐ ടി മൂലയിൽ നസീർ മാസ്റ്റർ നൂതനമായ സോഫ്റ്റ് വെയറുകൾ പരിചയപ്പെടുത്തി. പരിശീലിപ്പിച്ചു.സമാന്ത രമായി ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് കഥയും കളികളും പാട്ടുമായി കുട്ടിക്കൂട്ടം അധ്യാപക വിദ്യാർഥികളായ ഷിജിന,അമൽ,അമന്യു, സഞ്ജയ് എന്നിവർ നയിച്ചു.പ്രപഞ്ചത്തിൻ്റെ അനന്തതകളിലേക്ക് വെളിച്ചം പായിച്ച നക്ഷത്ര നിരീക്ഷണ ക്ലാസിനു ശേഷം ക്യാമ്പ് ഫയർ നടന്നു.നാടൻപാട്ട് കലാകാരൻ ബാബുരാജ് മലപ്പട്ടത്തിൻ്റെ പാട്ടും പറച്ചിലും ഹരം പകർന്നു. ക്ലാസ് മുറികളിൽ സഹപാഠികൾക്കൊപ്പം ഉറക്കം. കുട്ടികൾ കളിയും ചിരിയുമായി പാതിരാവിലും ഉറങ്ങാതിരിക്കുമ്പോൾ അധ്യാപകർ കഥകൾ പറഞ്ഞ് അവരെ ഉറക്കി.
രണ്ടാം ദിവസം രാവിലെ റാണി ടീച്ചർ യോഗയും ഏറോബിക്സും പരിശീലിപ്പിച്ചു.പിന്നീട് മൾട്ടി മീഡിയ ടാലൻ്റ് ടെസ്റ്റ് സി.കെ.സുരേഷ് ബാബു മാസ്റ്റർ നയിച്ചു.പൊതു സ്ഥാപനങ്ങളിലേക്ക് ഫീൽഡ് ട്രിപ്പായിരുന്നു തുടർന്ന് നടന്നത്. കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിലെത്തിയ കുട്ടികൾ പ്രസിഡൻ്റ് കെ.പി.അബ്ദുൾ മജീദുമായും സെക്രട്ടറി ഉണ്ണികൃഷ്ണനുമായും മുഖാമുഖം നടത്തി. പിന്നീട് കൃഷിഭവനിൽ കൃഷി ഓഫീസർ ഡോ.അഞ്ജു പത്മനാഭനുമായി അഭിമുഖം. മൃഗാശുപത്രിയും സന്ദർശിച്ചതിന് ശേഷം കൊളച്ചേരി പോസ്റ്റ് ഓഫീസിൽ. പോസ്റ്റ് മാസ്റ്റർ കുട്ടികൾക്ക് ഡമോൺസ്ട്രേഷൻ ക്ലാസെടുത്തു.വാർത്താവിനിമയ രംഗത്ത് ഉണ്ടായ മാറ്റങ്ങളും പോസ്റ്റ് ഓഫീസിൻ്റെ പുതിയ കാലത്തെ പ്രവർത്തനങ്ങളും വിശദീകരിച്ചു.കെ.ശിഖ ടീച്ചർ, കെ.രമ്യ ടീച്ചർ നേതൃത്വം കൊടുത്തു.
കുട്ടികൾക്ക് സമയത്തിന് ഭക്ഷണവും ചായയും പലഹാരങ്ങളും തയ്യാറാക്കി വിളമ്പാൻ ശാന്തേച്ചിയും മദേർസ് ഫോറം പ്രസിഡൻ്റ് നമിതയും മറ്റു പ്രവർത്തകരും സദാസമയവും ക്യാമ്പിലുണ്ടായിരുന്നു.ക്യാമ്പ് അവലോകനത്തോടെ സർഗോത്സവം സമാപിച്ചു.