കണ്ണൂർ:-വീടിന്റെ മേൽക്കൂരയിൽ തട്ടി പരിക്കേറ്റ പെൺമയിലിന് ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ ശസ്ത്രക്രിയ നടത്തി. പൊതുവാച്ചേരിയിൽ നിന്നാണ് മയിലിനെ പരിക്കേറ്റനിലയിൽ കണ്ടെത്തിയത്.
തളിപ്പറമ്പ് റേഞ്ച് ഓഫീസർ പി.രതീഷിന്റെ നിർദേശ പ്രകാരം പ്രസാദ് ഫാൻസ് അസോസിയേഷൻ റെസ്ക്യൂ ടീമംഗങ്ങളായ റോഷിൻ കൂടാളി, ഷൈജു കിഴക്കയിൽ, മനോജ് കാമനാട്ട് എന്നിവരാണ് മയിലിനെ ജില്ലാ വെറ്റിനറി ആസ്പത്രിയിൽ എത്തിച്ചത്.
ഒന്നര വയസ്സ് പ്രായമുള്ള പെൺമയിലിന്റെ വലത് കാലിലായിരുന്നു മുറിവ്. ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ടി.വി. ജയമോഹനന്റെ നേതൃത്വത്തിൽ മുറിവ് തുന്നിക്കെട്ടുകയും വേദനസംഹാരികൾ നൽകുകയും ചെയ്തു. ശസ്ത്രക്രിയയ്ക്ക് ശേഷം മയിൽ സുഖം പ്രാപിക്കുകയാണെന്ന് അധികൃതർ പറഞ്ഞു. വെറ്ററിനറി സർജൻ ഡോ. നിതിന കെ.ബാബുരാജ്, ഡോ. അമ്മു എസ്.രവി, ഡോ. കെ.തസ്‌നീം, ഡോ. കൃഷ്ണ നാരായൺ എന്നിവരാണ് ശസ്ത്രക്രിയ നടത്തിയത്.