മധുര മാമ്പഴം,കുറ്റിയാട്ടൂര്‍ മാങ്ങ


കണ്ണൂർ:-അഴകും ഔഷധ ഗുണവും ,പോഷക മൂല്യവും രുചിയും മധുരവും സുഗന്ധവും ഒത്തിണങ്ങിയ പ്രകൃതിദത്ത മാമ്പഴങ്ങള്‍.. എന്റെ കേരളം മെഗാ എക്‌സിബിഷനില്‍ മാങ്ങയുടെയും മാമ്പഴ ഉല്‍പ്പന്നങ്ങളുടെയും മാധുര്യ കലവറ ഒരുക്കി മാമ്പഴ പ്രിയരെ കാത്തിരിക്കുകയാണ് കുറ്റിയാട്ടൂര്‍ മാംഗോ പ്രൊഡ്യൂസര്‍ കമ്പനി. വ്യവസായ, കൃഷി വകുപ്പുകളുടെ സഹകരണത്തോടെ രണ്ട് വിപണ സ്റ്റാളുകളാണ് മേളയില്‍ ഒരുക്കിയത്. കുറ്റിയാട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ കാണപ്പെടുന്ന ജൈവ സവിശേഷതയുളള മാമ്പഴമാണ് കുറ്റിയാട്ടൂര്‍ മാമ്പഴം.

പ്രകൃതിദത്തമായ കാര്‍ഷിക വിള, ബഹുഭ്രൂണതാ സ്വഭാവം, ഋതു ആരംഭത്തില്‍ പുഷ്പിക്കല്‍, ദ്രുതഗതിയിലുള്ള വളര്‍ച്ച, നൂറ്റാണ്ടുകളുടെ ജീവിതകാലം, കൂടിയ ഉല്‍പാദനക്ഷമത, പോഷക സമൃദ്ധി, ഗുണമേന്മ, പടര്‍ന്ന് പന്തലിക്കുന്ന നിത്യഹരിത സ്വഭാവം, മഞ്ഞ കലര്‍ന്ന ഓറഞ്ച് നിറം, മധുരവും സുഗന്ധവും, രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കല്‍, ത്വക്കിന്റെ സംരക്ഷണം എന്നിവ കുറ്റിയാട്ടൂര്‍ മാമ്പഴത്തിന്റെ സവിശേഷതകളാണ്.

വിപണി വില അനുസരിച്ചാണ് മാമ്പഴങ്ങളുടെ വില നിശ്ചയിക്കുക. ഇതിന് പുറമെ സ്‌ക്വാഷ്, പച്ചമാങ്ങ സ്‌ക്വാഷ്, ജ്യൂസ്, പച്ചമാങ്ങ ജ്യൂസ്, അച്ചാറുകള്‍ തുടങ്ങിയവയും സ്റ്റാളില്‍ ലഭ്യമാണ്. ജ്യൂസിന് 20 മുതല്‍ 60 രൂപ വരെയും, അച്ചാര്‍ 30 രൂപ മുതലും ലഭ്യമാണ്. സ്‌ക്വാഷിന് 100 രൂപയാണ് വില. കുറ്റിയാട്ടൂര്‍ മാവിന്‍ തൈകള്‍, കുറ്റിയാട്ടൂര്‍ മാവിന്റെ ക്രാഫ്റ്റ് തൈകള്‍ എന്നിവ ആവിശ്യമുള്ളവര്‍ക്ക് രജിസ്‌ട്രേഷന്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്. രജിസ്റ്റ്ര്‍ ചെയ്തവര്‍ക്ക് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന നാല് സ്റ്റാളുകളില്‍ എവിടെ നിന്നും തൈകള്‍ ലഭ്യമാക്കാനും സൗകര്യമുണ്ട്. മേള രണ്ട് ദിവസം പിന്നിട്ടപ്പോള്‍ മാമ്പഴത്തിനാണ് ആവശ്യക്കാര്‍ ഏറെയും സ്റ്റാളില്‍ എത്തുന്നതെന്ന് സ്റ്റാള്‍ ഡ്യൂട്ടിയുള്ള കെ വിജയന്‍ പറഞ്ഞു.

Previous Post Next Post