അപകടകരമായി റോഡിലേക്ക് വളർന്നു നിൽക്കുന്ന മരച്ചില്ലകൾ മുറിച്ചുമാറ്റി ബസ് ജീവനക്കാർ മാതൃകയായി


മയ്യില്‍ :-  റോഡരികില്‍ നിന്നും റോഡിലേക്ക് വളര്‍ന്ന് നിൽക്കുന്ന മരച്ചില്ലകൾ മുറിച്ചുമാറ്റി ബസ് ജീവനക്കാരുടെ കൂട്ടായ്മ.  പാവന്നൂര്‍മൊട്ട മുതല്‍ കൊളോളം വരെയുള്ള 5 കിലോമീറ്ററിലേറെ ഭാഗങ്ങളിലാണ് കൂട്ടായ്മ നേതൃത്വത്തില്‍ റോഡിലേക്ക് അപകട ഭീഷണി ഉയർത്തി നിൽക്കുന്ന മരച്ചില്ലകൾ വെട്ടി മാറ്റിയത്. മയ്യില്‍ - ചാലോട് റൂട്ടിലെ ബസ് ജീവനക്കാരാണ് മരച്ചില്ലകൾ വെട്ടിമാറ്റി മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.  ബസ് ജീവനക്കാരുടെ പരാതി  അധികൃതര്‍ നടപടിയെടുത്തില്ല. ഇതിനെ തുടർന്നാണ് ബസ് ജീവനക്കാരുടെ കൂട്ടായ്മ പണിയായുധങ്ങളുമായി റോഡിലിറങ്ങി ചില്ലകൾ വെട്ടി മാറ്റിയത്. മേഴ്സി ബസ് സര്‍വീസ് മാനേജര്‍ സി.പി മൂസാന്‍കുട്ടി, ബസ് കൂട്ടയ്മ അംഗങ്ങളായ മനോജ് ദക്ഷിണ ബസ് സര്‍വീസ്, ജിനേഷ് ഐശ്വര്യ ബസ് സര്‍വീസ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

മേഴ്സി ബസ് സര്‍വീസ് ഉടമ തളിപ്പറമ്പ് സ്വദേശി റഫീക് തന്റെ ഒരു ബസും സൗജന്യമായി വിട്ടുനല്‍കി. അപകടകരമായ വളവുകളില്‍ അടക്കം ഉയരത്തില്‍ റോഡിനൊപ്പം നിലകൊണ്ട ശിഖരങ്ങള്‍ ബസിനു മുകളില്‍ കയറിയാണ് ബസ് ജീവനക്കാര്‍ മരച്ചില്ലകൾ വെട്ടിമാറ്റിയത്.  വാഹനങ്ങള്‍ക്കും, യാത്രക്കാര്‍ക്കും അപകടങ്ങള്‍ക്ക് കാരണമായി മാറിയ ശിഖരങ്ങള്‍ വെട്ടിമാറ്റാന്‍ നിരന്തരമായി ആവശ്യപ്പെട്ടിട്ടും തയാറാകാത്ത അധികൃതരോടുള്ള പ്രതിഷേധം കൂടിയായിരുന്നു ഈ മാതൃകാ പ്രവർത്തനം.  മാതൃകാപരമായ പ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയ ബസ് കൂട്ടായ്മയെ നാട്ടുകാര്‍ അഭിനന്ദിച്ചു.

Previous Post Next Post