മയ്യിൽ :- വായനാ ദിനത്തിൽ ഉപയോഗശൂന്യമായ തുണികൾ കൊണ്ട് കൂറ്റൻ കൊളാഷ് നിർമ്മിച്ച പെരുവങ്ങൂർ എ.എൽ.പി സ്കൂൾ വിദ്യാർത്ഥികൾ. പെരുവങ്ങൂർ എ.എൽ.പി സ്കൂളിൽ നടക്കുന്ന വായനാ വാരാചരണം അക്ഷരത്തിരി കത്തിച്ച് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജാൻസി ജെയിംസ് ഉദ്ഘാടനം ചെയ്തു.
പുസ്തകം വായിക്കുന്ന കുട്ടിയുടെ ചിത്രമാണ് കുട്ടികൾ വെയ്സ്റ്റ് തുണികൾ ഉപയോഗിച്ച് കൊളാഷ് രൂപത്തിൽ ഉണ്ടാക്കിയത്. 10 അടി ഉയരത്തിൽ തീർത്ത കൊളാഷിൽ ഞങ്ങളും കുഞ്ഞുവായനക്കാർ എന്ന സന്ദേശം കുട്ടികൾ പങ്കു വച്ചു. പരിസ്ഥിതി സംരക്ഷണത്തിന് വെയ്സ്റ്റ് മാനേജ്‌മെന്റ് എന്ന പേരിലുള്ള സന്ദേശവും കുട്ടികൾ മുന്നോട്ട് വെക്കുന്നു . പരിപാടിയിൽ വച്ച് സചിത്രം എന്റെ ചിത്ര പുസ്തകത്തിന്റെ പ്രകാശനവും പദ്ധതി വിശദീകരണവും നടന്നു. വിദ്യാലയ പ്രവർത്തന കലണ്ടിറിന്റെ പ്രകാശനവും നടന്നു .
സ്കൂളിൽ നടക്കുന്ന വായനാ വിരാചരണത്തിന്റെ ഭാഗമായി പുസ്തകപ്രദർശനം , വായനാ ക്വിസ് , പുസ്തകാസ്വാദന സദസ്സുകൾ തുടങ്ങി വിവിധ പരിപാടികൾ നടക്കും.
ചടങ്ങിൽ പിടിഎ വൈസ് പ്രസിഡണ്ട് ടി.സി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ പി.പി സുരേഷ് ബാബു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ. രനിൽ നന്ദിയും പറഞ്ഞു