കണ്ണപുരം:-മിനർവ്വ കമ്മ്യൂണിക്കേഷൻസ് നിർമ്മിച്ച കരുണ എന്ന ഹ്രസ്വ ചലച്ചിത്രത്തിന്റെ ആദ്യ പ്രദർശനം നടന്നു. പ്രദർശനം കണ്ണപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. രതി ഉദ്ഘാടനം ചെയ്തു. ഫിലിം പ്രൊഡക്ഷൻ മാനേജർ രാജേഷ് പാലങ്ങാട്ട് അധ്യക്ഷത വഹിച്ചു. കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ഡയരക്ടർ ഷെറി ഗോവിന്ദ് മുഖ്യാതിഥിയായിരുന്നു. ഉമേഷ് കുമാർ കണ്ണപുരം തിരക്കഥാകൃത്തും സംവിധായകനും മനോജ് മിനർവ്വ നിർമ്മാതാവുമായ ചിത്രം ഒരു അധ്യാപകന്റെ നന്മ പ്രകാശിക്കുന്ന പ്രമേയമാണ്. ക്ലാസിൽ വെച്ച് തെറ്റ് ചെയ്ത ഒരു കുട്ടിയെ പരസ്യമായി ശിക്ഷിക്കുന്നതിനുപകരം,
സ്നേഹത്തിന്റെ കാവലാളാകുന്ന ഒരു അധ്യാപകന്റെ സൽപ്രവൃത്തി പ്രകടമാക്കുന്ന ചിത്രത്തിൽ പ്രശസ്ത സിനിമാതാരം സന്തോഷ് കീഴാറ്റൂർ മുഖ്യ കഥാപാത്രമാണ്. അദ്ദേഹത്തോടൊപ്പം ചിരന്തന പത്മനാഭനും ജിനേഷ് ജിനുവും പ്രധാനവേഷമണിഞ്ഞു. നാടക സംവിധായകൻ ഹരിദാസ് ചെറുകുന്ന്, ചെറുകുന്ന് ലയൺസ് ക്ലബ്ബ് പ്രസിഡന്റ് പി.കെ.മുരളിധരൻ , യുവ സിനിമാതാരം വിദ്യാ കൃഷ്ണൻ , സിനിമാ നിർമ്മാതാക്കളുമായ വിനിൽകുമാർ ,രാജു ലതിക് എന്നിവർ പ്രസംഗിച്ചു.