കണ്ണൂർ :- പലിശരഹിത സ്വർണ്ണവായ്പാ വാഗ്ദാനം ചെയ്ത് ഒരു സംഘം തട്ടിപ്പ് നടത്തിയെന്നാ ധ - രോപിച്ച് പോലീസ് സ്റ്റേഷനുകളിൽ പരാതിക്കാരുടെ ബഹളം. കണ്ണൂർ സിറ്റി, തലശ്ശേരി, എടക്കാട്, മുഴപ്പിലങ്ങാട്, അലവിൽ, അഴീക്കോട്, കപ്പക്കടവ് എന്നിവിടങ്ങളിലുള്ളവരാണ് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ പരാതിയുമായി എത്തിയത്. ബാങ്കിൽ പണയംവെച്ച സ്വർണാഭരണങ്ങൾ തിരിച്ചെടുക്കാനാവാത്തവരെ സഹായിക്കാമെന്ന തരത്തിലാണ് സംഘം ഉടമകളുമായി ബന്ധപ്പെട്ടത്. പലിശയും മുതലും ചേർത്ത് ബാങ്കിൽ നിന്ന് സ്വർണാഭരണങ്ങൾ ഇവർ തിരിച്ചെടുത്തുനൽകാൻ സഹായിക്കുന്നു. എന്നാൽ, സ്വർണം ഉടമയ്ക്ക് കൈമാറുന്നില്ല. ഒരു വർഷത്തേക്ക് പലിശരഹിത വായ്പയായി സ്വർണം സൂക്ഷിക്കുന്നു. എന്നാൽ, കാലാവധി കഴിഞ്ഞ് സ്വർണാഭരണങ്ങൾ ആവശ്യപ്പെട്ടപ്പോൾ തിരികെനൽകിയില്ലെന്ന് പരാതിക്കാർ പറയുന്നു. തുക തിരിച്ചടച്ചാൽ സ്വർണാഭരണങ്ങൾ തിരികെ നൽകുമെന്നാണ് വാഗ്ദാനമെന്നും ഇവർ പറയുന്നു.
ഈ ഉറപ്പ് വിശ്വസിച്ച് വിപണി വിലയെക്കാൾ വളരെ കുറഞ്ഞ വിലയിലാണ് സ്വർണം പണയം വെച്ചത്. പണം നൽകിയശേഷം സ്വർണാഭരണങ്ങളുടെ ചിത്രവും എണ്ണവും മോഡലും രേഖപ്പെടുത്തിയ ഒരു കടലാസ് മാത്രമാണ് രേഖയായി സംഘം നൽകുന്നത്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിലുള്ള സംഘം പ്രവർത്തിക്കുന്നതായി വിവരമുണ്ട്. അതിനിടെ സംഘത്തിൽപ്പെട്ട എടക്കാട് സ്വദേശിയുടെ വീട്ടിലെത്തിയ പരാതിക്കാർ ഇദ്ദേഹത്തിന്റെ വീട്ടുകാരെ കൈയേറ്റം ചെയ്തതായും പരാതിയുണ്ട്.