മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു :തൃച്ഛംബരം ക്ഷേത്ര ജീവനക്കാരന്റെ സസ്പെൻഷൻ പിൻവലിച്ചു

 





 

കണ്ണൂർ :- തൃച്ഛംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പതിനേഴു വർഷത്തിലധികമായി മാനേജരും ക്ലാർക്കുമായി പ്രവർത്തിച്ചിരുന്ന കെ. പി. പരമേശ്വരന്റെ സസ്പെൻഷൻ പിൻവലിച്ചതായി ദേവസ്വം മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.

സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രം ജീവനക്കാരൻ സമർപ്പിച്ച പരാതിയിൽ കമ്മീഷൻ ആക്ടിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. 

പരാതിക്കാരന് അർഹതപ്പെട്ട ഒരാനുകൂല്യവും ദേവസ്വം തടഞ്ഞുവച്ചിട്ടില്ലെന്ന് എക്സിക്യൂട്ടീവ് ഓഫീസർ കമ്മീഷനെ അറിയിച്ചു.  പരാതിക്ക് പിന്നിൽ വ്യക്തി വൈരാഗ്യമാണെന്നും റിപ്പോർട്ടിലുണ്ട്.  പരാതിക്കാരന്റെ ഹർജിയിൽ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ നിയമനം ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

തുടർന്ന് ദേവസ്വം മാനേജിംഗ് കമ്മിറ്റിയെ കമ്മീഷൻ നേരിൽ കേട്ടു.  ഇക്കഴിഞ്ഞ ഓഗസ്റ്റ് പതിനഞ്ചിന് ചേർന്ന ദേവസ്വം മാനേജിംഗ് കമ്മിറ്റി സസ്പെൻഷൻ റദ്ദാക്കി പരാതിക്കാരനെ സർവ്വീസിൽ തിരിച്ചെടുത്തതായി അറിയിച്ചു.  പരാതിക്കാരന് എതിരായ അന്വേഷണങ്ങൾ നിർത്തിയതായും റിപ്പോർട്ടിൽ പറയുന്നു.  പരാതിക്കാരന് അർഹതപ്പെട്ട സർവ്വീസ് ആനുകൂല്യങ്ങൾ ഒരു മാസത്തിനകം ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ നൽകണമെന്ന് ഉത്തരവിൽ പറയുന്നു.




                           

Previous Post Next Post