കണ്ണൂർ:- മാലിന്യ പരിപാലന ചട്ടങ്ങൾ ലംഘിച്ചതിന് കോളജ് ഓഫ് കോമേഴ്സ് എന്ന സ്ഥാപനത്തിനെതിരെ നിയമനടപടി. കണ്ണൂർ പഴയ ബസ്റ്റാന്റിന് സമീപം പ്രവർത്തിക്കുന്ന കോളജിലാണ് നിയമവിരുദ്ധമായ രീതിയിൽ ജൈവ അജൈവ മാലിന്യങ്ങൾ കൂട്ടിക്കലർത്തി ഇൻസിനേറ്ററിൽ നിക്ഷേപിക്കുന്നതായി ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് കണ്ടെത്തിയത്. സ്ഥാപനത്തിന് പതിനായിരം രൂപപിഴ ചുമത്തി നടപടികൾ സ്വീകരിക്കാൻ കണ്ണൂർ കോർപ്പറേഷന് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നിർദ്ദേശം നൽകി.
വൻതോതിൽ നിരോധിത പേപ്പർ കപ്പുകൾ വിൽപനയ്ക്ക് വച്ച കണ്ണൂർ പാറക്കണ്ടിയിലെ പോപ്പുലർ സ്റ്റോഴ്സിനും പതിനായിരം രൂപ പിഴ ചുമത്തി നടപടികൾ സ്വീകരിക്കാൻ സ്ക്വാഡ് നിർദ്ദേശം നൽകി. ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ ഇ.പി.സുധീഷ് , എൻഫോഴ്സ്മെന്റ് ഓഫീസർ കെ.ആർ.അജയകുമാർ, സ്ക്വാഡ് അംഗം ഷെറികുൽ അൻസാർ, പബ്ളിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ വിജേഷ് കുമാർ പി., രേഷ്മാ രമേശൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
മാലിന്യ സംസ്കരണ രംഗത്തെ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി ജില്ലയിൽ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പ്രവർത്തിച്ചു വരുന്നുണ്ട്. പരിശോധനകളിൽ കണ്ടെത്തിയ നിയമ ലംഘനങ്ങൾക്കെതിരെ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളുമായി ചേർന്ന് പിഴ ഉൾപ്പടെയുള്ള നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്.