കണ്ണൂർ:-നവകേരള സദസ്സിനെ നെഞ്ചേറ്റിയ ജനങ്ങൾ വലിയൊരു പ്രവാഹമായാണ് ഓരോ സദസ്സിലേക്കും എത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയും മുഴുവൻ മന്ത്രിമാരും പങ്കെടുത്ത് പാനൂർ വാഗ്ഭടാനന്ദ നഗറിൽ സംഘടിപ്പിച്ച കൂത്തുപറമ്പ് മണ്ഡലം നവകേരള സദസ്സ് തിങ്ങിനിറഞ്ഞ ജനാവലിയെ സാക്ഷിയാക്കി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നവകേരള സദസ്സിലേക്കുള്ള ജനപ്രവാഹം കേരളത്തെക്കുറിച്ചുള്ള നമ്മുടെ നാടിന്റെ ബോധ്യത്തിന്റെ ഭാഗമാണ്. ജനലക്ഷങ്ങൾ ഒഴുകിയെത്തുന്ന പരിപാടിയായി നവകേരള സദസ്സ് മാറുകയാണ്. അതിനെ വില കുറച്ച് കാണരുത്. ജനങ്ങളാണ് എന്തിന്റേയും അന്തിമ വിധികർത്താക്കൾ. ഇവിടെ ഒഴുകിയെത്തുന്നത് നാടിന്റെ പരിച്ഛേദമാണ്. അവർ നൽകുന്ന സന്ദേശം കൂടുതൽ കരുത്താണ് സർക്കാറിന് നൽകുന്നത്.
ഏത് നല്ല കാര്യവും ഇവിടെ നടക്കാൻ പാടില്ലെന്നാണ് യുഡിഎഫിന്റെ നിർബന്ധം. ഏത് കാര്യവും ബഹിഷ്‌ക്കരിക്കുന്നു. ബഹിഷ്‌ക്കരണം ഏതിനാണ്, എന്തിനാണ്? ലോകമലയാളിക്ക് നാടിന്റെ അഭിവൃദ്ധിയുടെ കാര്യത്തിൽ അഭിപ്രായം പറയാനായി നടത്തിയ ലോകകേരളസഭ പ്രതിപക്ഷം ബഹിഷ്‌ക്കരിച്ചു. ഇൗ ബഹിഷ്‌കരണം തുടരുകയാണ്. നാടിന്റെ ജനവികാരമാണ് ഇവിടെ കാണുന്നത്.
നമ്മുടെ നാടിനെ അർഹതപ്പെട്ടത് നിഷേധിക്കുന്ന കേന്ദ്ര സർക്കാറിനെതിരെ അരയക്ഷരം സംസാരിക്കാൻ കേരളത്തിലെ പ്രതിപക്ഷത്തിന് കഴിഞ്ഞോ? കോവിഡ് നേരിടുന്ന ഘട്ടത്തിൽ ജീവനക്കാരോട് ഒരു വായ്പ ചോദിച്ചു. ശമ്പളത്തിന്റെ ഒരു ഭാഗം വായ്പയായി നൽകാൻ ജീവനക്കാർ തയ്യാറായി. എന്നാൽ, പ്രതിപക്ഷം സാലറി ചലഞ്ചിൽ പങ്കുവഹിക്കില്ലെന്ന് തീരുമാനിച്ചു. ദുരന്തഘട്ടത്തിൽ വിതരണം ചെയ്ത അരിയുടെ വിലയടക്കം കേന്ദ്രം ചോദിക്കുമ്പോൾ അതിനെ എതിർക്കാൻ പ്രതിപക്ഷം തയ്യാറായില്ല.
2021ന് ശേഷം എല്ലാ കാര്യത്തിലും ഉടക്കിടുന്നതിനാണ് കേന്ദ്രത്തിന് താൽപര്യം. നമ്മുടെ നാടിനെ സാമ്പത്തികമായി വല്ലാതെ ഞെരുക്കുകയായിരുന്നു. തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകേണ്ട 800 കോടിയിലധികം കേന്ദ്രസർക്കാറിൽനിന്ന് കുടിശ്ശികയാണ്. 250 കോടി രൂപ അനുവദിച്ചുവെന്ന് വാർത്ത കണ്ടു. പക്ഷേ, 550 കോടിയലധികം കുടിശ്ശികയാണ്. ആ സമീപനത്തിന് വഴങ്ങി, വിധേയമായി ഒന്നും ചെയ്യാതിരിക്കാൻ നമുക്ക് കഴിയില്ല. ഏത് പ്രതിസന്ധി നേരിട്ടാലും നമുക്ക് മുന്നോട്ടുപോയേ മതിയാവൂ.
ഓരോ കാര്യവും ശരിയായ രീതിയിൽ നിർവഹിക്കാനായത് ജനങ്ങൾ, നാടാകെ നൽകി പിന്തുണ കൊണ്ടാണ്. ഓഖിയും നിപയും 2018ലെ നൂറ്റാണ്ടിലെ മഹാപ്രളയവും അതിരുക്ഷമായ കാലവർഷക്കെടുതിയും കോവിഡ് മഹാമാരിയുടെ വ്യാപനവും എല്ലാം കൂടി കേരളം തകർന്നടിഞ്ഞുപോവുന്ന അവസ്ഥയിലായി കേരളം. ഇത്തരം ദുരന്തങ്ങളുടെ ഘട്ടത്തിൽ സംസ്ഥാനത്തിന് മതിയായ സഹായം, പിന്തുണ കേന്ദ്രസർക്കാറിൽനിന്ന് ലഭിക്കണം. അത് കേന്ദ്ര സർക്കാറിന്റെ ബാധ്യതയാണ്. ഈ ഒരു ഘട്ടത്തിലും കേരളത്തിന് സാധാരണ ഗതിയിൽ അർഹമായ പിന്തുണ കേന്ദ്ര സർക്കാറിൽനിന്ന് ലഭിച്ചില്ല. ഇത് ജനാധിപത്യ സംവിധാനത്തിൽ നടക്കാൻ പാടില്ലാത്തതാണ്. നമ്മുടെ ജനങ്ങൾ ഐക്യത്തോടെ പിന്തുണച്ചതിനാലാണ് തകർന്നടിഞ്ഞുപോകുമെന്ന് കരുതിയ നാട് തിരിച്ചുവരുന്നത് രാജ്യവും ലോകവും കണ്ടത്. കേരളം ഇത്തരം കാര്യങ്ങളെ നേരിടുന്നതിൽ മാതൃകയാണെന്ന് ലോകം വിലയിരുത്തി. ജനങ്ങളുടെ ഒരുമയും ഐക്യവും കൊണ്ടാണ് കേരളം അതിജീവിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെ പി മോഹനൻ എംഎൽഎ അധ്യക്ഷനായി. മന്ത്രിമാരായ കെ രാധാകൃഷ്ണൻ, പി രാജീവ്, കെ കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു. മറ്റ് മന്ത്രിമാർ, എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ, ചീഫ് സെക്രട്ടറി ഡോ. വി. വേണു, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ജില്ലാ കലക്ടർ അരുൺ കെ വിജയൻ, മുൻ എം പിമാരായ പി കെ ശ്രീമതി ടീച്ചർ, കെ കെ രാഗേഷ്, മുൻ എംഎൽഎ പി ജയരാജൻ, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ യു പി ശോഭ, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആർ ഷീല, കൂത്തുപറമ്പ് നഗരസഭ ചെയർപേഴ്‌സൺ വി സുജാത ടീച്ചർ, പഞ്ചായത്ത് പ്രസിഡണ്ടുമാരായ സി രാജീവൻ (കോട്ടയം), എൻ വി ഷിനിജ (പാട്യം), പി വൽസൻ (മൊകേരി), കെ ലത (കുന്നോത്തുപറമ്പ്) തുടങ്ങിയവർ സംബന്ധിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ പിഡബ്ല്യുഡി എക്‌സിക്യുട്ടീവ് എൻജിനീയർ എ എൻ ശ്രീലാകുമാരി സ്വാഗതം പറഞ്ഞു. വൻജനാവലിയാണ് പാനൂർ വാഗ്ഭടാനന്ദ നഗറിലേക്ക് ഒഴുകിയെത്തിയത്. പൊതുജനങ്ങളിൽനിന്ന് പരാതികൾ സ്വീകരിക്കാനായി 18 കൗണ്ടറുകൾ സജ്ജമാക്കിയിരുന്നു. വിവിധ കലാപരിപാടികളും അരങ്ങേറി.
കേരളം സംരംഭക സൗഹൃദം: മന്ത്രി പി രാജീവ്
ബിസിനസ് അന്തരീക്ഷത്തെ അടിസ്ഥാനമാക്കി സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും റാങ്ക് ചെയ്യുന്നതിനുള്ള ലോകബാങ്ക് സംരംഭമായ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് സൂചികയിൽ കേരളത്തെ 15ാം റാങ്കിലേക്ക് എത്തിക്കാനായെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കൂത്തുപറമ്പ് മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി. നേരത്തെ 28ാം റാങ്കിലുണ്ടായിരുന്നതാണ് മെച്ചപ്പെടുത്തി 15 റാങ്കിലേക്ക് ഉയർത്താനായത്. സംരംഭങ്ങൾ ആരംഭിക്കുന്നതിന് കേരളത്തിൽ അനുകൂല സാഹചര്യമെന്നാണ് ഇതു സൂചിപ്പിക്കുന്നത്. കഴിഞ്ഞ സംരംഭക വർഷത്തിൽ 1.44 ലക്ഷം സംരംഭങ്ങൾ കേരളത്തിൽ ആരംഭിക്കാനായി. തൊഴിലാളികൾക്ക് രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ കൂലി നൽകുന്നത് കേരളത്തിലാണ്. കേരളത്തിൽ 764 രൂപയാണ് ശരാശരി കൂലി. മറ്റു സംസ്ഥാനങ്ങളിലേക്കാൾ മൂന്നിരട്ടിയിലധികം കൂടുതലാണ് കൂലി വർധനവ്. സമഗ്രമേഖലയിലും കുതിച്ചു ചാട്ടമാണ് കേരളത്തിലുണ്ടാകുന്നത്. ഗുണമേന്മയുള്ള വിദ്യാഭ്യാസവും ആരോഗ്യ സംരക്ഷണവും ഉറപ്പാക്കാൻ സർക്കാരിന് കഴിയുന്നു. യൂണിവേഴ്സിറ്റികളുടെ വികസനത്തിന് മാത്രം 245 കോടി രൂപയാണ് മാറ്റിവെക്കുന്നത്. സർവകലാശാലകൾ ഉന്നത നിലവാരത്തിലേക്ക് മാറുകയാണ്. വ്യവസായ മേഖലയിലും കേരളം ആകർശിക്കുന്നു. ഡിസംബറോടെ കേരളത്തിൽ 30 ഓളം വ്യവസായ പാർക്കുകൾ യാഥാർഥ്യമാകും. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സർവകലാശാല ആരംഭിച്ചു. സയൻസ് പാർക്കുകളുടെ പ്രവർത്തനം കണ്ണൂർ, കൊച്ചി എന്നിവിടങ്ങളിൽ പുരോഗമിക്കുന്നു. അവയവ മാറ്റത്തിന് വേണ്ടി മാത്രം കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കാൻ സർക്കാർ പോവുകയാണെന്നും പി രാജീവ് പറഞ്ഞു.
പൊള്ളും വെയിലിലും പാനൂരിൽ ആവേശച്ചൂട്
പൊള്ളും വെയിലിലും ചോരാത്ത ആവേശവുമായി ജനം ഒഴുകി, മൈതാനവും പരിസരവും നിറഞ്ഞ് കവിഞ്ഞിട്ടും അണമുറിയാതെ അത് തുടർന്നു. ഒടുവിൽ മുഖ്യമന്ത്രിയും മന്ത്രിമാരും എത്തിയതോടെ ആവേശത്തിരയിളക്കം. പാനൂരിൽ നടന്ന കൂത്തുപറമ്പ് മണ്ഡലം നവകേരള സദസ്സാണ് പങ്കാളിത്തംകൊണ്ട് ജനകീയോത്സവമായത്.
മണിക്കൂറുകൾക്ക് മുമ്പേ മൈതാനത്തേക്കുള്ള വരവ് തുടങ്ങി. 11 മണിയോടെ പ്രദേശം ജനസാഗരമായി. ഗ്രാമതാളം പൂക്കോടിന്റെ വനിത ശിങ്കാരിമേളം, ദേവാഞ്ജനയുടെ നാടോടി നൃത്തം, മൊകേരി രാജീവ്ഗാന്ധി ഹയർസെക്കണ്ടറി സ്‌കൂൾ വിദ്യാർഥികളുടെ ഒപ്പന, മാവിലേരി സരസ്വതി വിജയം യു പി സ്‌കൂളിന്റെ തിരുവാതിര, പായം ദാരാവീസിന്റെ ഗോത്ര നൃത്തം എന്നിവ ഉത്സവച്ഛായയേകി. പിന്നാലെ മന്ത്രിമാരായ പി രാജീവ്, കെ കൃഷ്ണൻകുട്ടി, കെ രാധാകൃഷ്ണൻ എന്നിവർ പ്രസംഗത്തിലൂടെ ഏവരെയും കേരളത്തിന്റെ വികസന വഴിയിലൂടെ കൊണ്ടുപോയി. പിന്നാലെ സഞ്ചരിച്ച വഴിയാകെ സ്വീകരണവും പുഷ്പവൃഷ്ടിയും ഏറ്റുവാങ്ങി മുഖ്യമന്തിയും മറ്റ് മന്ത്രിമാരും പാനൂരിലെത്തി. വാഹനം കണ്ടതോടെ റോഡരികിലും മൈതാനത്തും കാത്തിരുന്നവരിൽ ആഹ്ലാദവും ആവേശവും നിറഞ്ഞു. പിന്നെ മുഷ്ടിചുരുട്ടിയുള്ള മുദ്രാവാക്യം വിളികളായി. കൈവീശിയും പുഞ്ചിരിച്ചും അവർക്കിടയിലൂടെ മന്ത്രിമാർ ഇരിപ്പിടത്തിലെത്തി. ചെണ്ടമേളവും വിവിധ കഥകളി വേഷങ്ങളും അകമ്പടിയേകി. സംഘാടകർ ഉപഹാരം നൽകി സ്വീകരിച്ചു. പിന്നെ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ നിലക്കാത്ത കയ്യടി. മന്ത്രിമാർ മടങ്ങുമ്പോഴും ജനസാഗരം ഇരമ്പി.
സദസ്സിൽ രാവിലെ എട്ട് മണി മുതൽ പരാതി സ്വീകരിക്കാൻ 18 കൗണ്ടറുകൾ ഒരുക്കിയത് ഏവർക്കും ആശ്വാസമായി. നേരത്തെ നടന്ന ആദാലത്തുകളിൽ എത്താൻ കഴിയാത്തവർക്കും ഈ സൗകര്യം ഉപകരിച്ചു. ഭിന്നശേഷിക്കാർക്കും വയോധികർക്കും പ്രത്യേക പരിഗണന നൽകിയിരുന്നു. തുടർന്ന് കലാമണ്ഡലം മഹേന്ദ്രന്റെ ഓട്ടൻ തുള്ളൽ, വിദ്യാർഥികളുടെ നാടൻപാട്ട് എന്നിവ ആസ്വദിച്ചാണ് ജനം മടങ്ങിയത്.
കേന്ദ്രം ബോധപൂർവ്വം ഫണ്ടുകൾ കുറക്കുന്നു: മന്ത്രി കൃഷ്ണൻകുട്ടി
കേന്ദ്രം വിവിധ വികസന പദ്ധതികൾക്കായുള്ള വിഹിതം ബോധപൂർവ്വം കുറക്കുകയാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. കൂത്തുപറമ്പ് മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ജനങ്ങളെ ദ്രോഹിക്കുന്ന കേന്ദ്രത്തിന്റെ നയങ്ങൾക്കെതിരെ ഒരു പ്രതിഷേധവും നടത്താൻ കേരളത്തിലെ പ്രതിപക്ഷ എം പിമാർ നടത്താൻ തയ്യാറാകുന്നില്ല. കാർഷിക മേഖലയിൽ ബജറ്റ് വിഹിതത്തിൽ 7468 കോടിയുടെ കുറവുണ്ടായി. കൃഷിക്കാരെ ഇതു കാര്യമായി ബാധിക്കും. ഗ്രാമവികസന വിഹിതത്തിൽ 32418 കോടിയുടെയും തൊഴിലുറപ്പ് പദ്ധതി വിഹിതത്തിൽ 38000 കോടിയുടെ കുറവാണുണ്ടായത്. ഇതൊക്കെ ബോധപൂർവമായാണ് കേന്ദ്രം നടത്തുന്നത്. ഫണ്ട് കുറഞ്ഞാൽ ഉൽപാദനം കുറയും. ഇതോടെ ഇറക്കുമതി ചെയ്തു കുത്തക മുതലാളികൾക്ക് സഹായം ചെയ്യാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും മന്ത്രി കൃഷ്ണൻ കുട്ടി പറഞ്ഞു.
കേരളത്തിലേത് 25 വർഷത്തെ വികസന കാഴ്ച്ചപ്പാടുള്ള സർക്കാർ: മന്ത്രി കെ രാധാകൃഷ്ണൻ
കേരളത്തിലേത് ദീർഘവീക്ഷണമുള്ള സർക്കാരാണെന്നും 25 വർഷത്തെ വികസന കാഴ്ച്ചപ്പാടുമായാണ് മുന്നോട്ടു പോകുന്നതെന്നും പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. കൂത്തുപറമ്പ് മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി. അഭിമാനകരമായ ഒത്തിരി നേട്ടങ്ങൾ നമുക്കുണ്ടാക്കാനായി. ഇനിയും ഏറെ മുന്നേറാനുണ്ട്. അതിൽ ജനങ്ങളുടെ അഭിപ്രായവും നിർദേശവും അറിയാനാണ് നവകേരള സദസ്സുകൾ നടത്തുന്നത്. ക്ഷേമ പ്രവർത്തനം മാത്രം നടത്തുന്ന സർക്കാരെന്ന ആക്ഷേപം നേരത്തെയുണ്ടായിരുന്നു. സാധാരണക്കാരന്റെ ജീവിതം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് അത്തരം പ്രവർത്തനം നടത്തിയത്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി കഴിഞ്ഞ ഏഴര വർഷക്കാലം അടിസ്ഥാന സൗകര്യങ്ങൾ വലിയ തോതിൽ വികസിപ്പിച്ചു. അസാധ്യമെന്ന് പറഞ്ഞ പലതും സാധ്യമാക്കി. തെരഞ്ഞെടുപ്പ് സമയത്ത് നൽകിയ വാഗ്ധാനങ്ങൾ മറക്കാനുള്ളതല്ല, നടപ്പാക്കാനുള്ളതാണെന്ന് ഈ സർക്കാർ തെളിയിച്ചെന്നും മന്ത്രി പറഞ്ഞു.