കൊച്ചി :- സംസ്ഥാനത്തെ ആരാധനാലയങ്ങളിൽ അസമയത്ത് പടക്കംപൊട്ടിക്കുന്നത് വിലക്കി ഹൈക്കോടതി ഉത്തരവ്. ദൈവത്തെ പ്രീതിപ്പെടുത്താൻ പടക്കം പൊട്ടിക്കണമെന്ന് വിശുദ്ധ ഗ്രന്ഥങ്ങളിൽ പ്രഥമദൃഷ്ട്യാ പറയുന്നില്ലെന്ന് അഭിപ്രായപ്പെട്ടാണ് ജസ്റ്റിസ് അമിത് റാവലിന്റെ ഉത്തരവ്.
മതവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ നിയമവിരുദ്ധമായി സൂക്ഷിച്ചിരിക്കുന്ന പടക്കങ്ങൾ ഡെപ്യൂട്ടി കളക്ടർമാർ പോലീസിന്റെ സഹായത്തോടെ പരിശോധന നടത്തി പിടിച്ചെടുക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. അസമ യത്ത് പടക്കം പൊട്ടിക്കുന്നതായി കണ്ടാൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ നിർബന്ധിതമാകുമെന്നും ഉത്തരവിലുണ്ട്. വിഷയം 24-ന് വീണ്ടും പരിഗണിക്കും. അന്ന് റിപ്പോർട്ട് നൽകാൻ സർക്കാരിനോടും നിർദേശിച്ചിട്ടുണ്ട്.
എറണാകുളം മരട് മരട്ടിൽ കൊട്ടാരം ഭഗവതിക്ഷേത്രത്തിലും പരിസരത്തെ മാങ്കായിൽ ഗവൺമെന്റ് ഹയർ സെക്കൻഡറി, ലോവർ പ്രൈമറി സ്കൂൾ എന്നിവയുടെ പരിസരങ്ങളിലും വെടിക്കെട്ട് നടത്തുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് പരിസരവാസികളായ കെ.ബി ബിനോജ് ഉൾപ്പെടെയുള്ളവർ 2015-ൽ നൽകിയ ഹർജിയിലാണ് ഉത്തരവ്. വെടിക്കെട്ടിനെത്തുടർന്ന് തങ്ങളുടെ വീടുകൾക്ക് കേടുപറ്റുന്നതും കുട്ടികൾക്കും മുതിർന്നവർക്കും പരിക്കേറ്റ തും ഉൾപ്പെടെയുള്ള കാരണങ്ങളാണ് ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. അസമയങ്ങളിൽ സമാധാനം കെടുത്തിയാണ് പടക്കം പൊട്ടിക്കുന്നതെന്നും ചൂണ്ടിക്കാട്ടി.