ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ് ; 110 വിമാന സർവീസുകളും 25 ട്രെയിനുകളും വൈകി


ന്യൂഡൽഹി :- രാജ്യതലസ്ഥാനമായ ഡൽഹിയുടെ കാഴ്‌ച മറച്ച് കനത്ത മൂടൽ മഞ്ഞ് തുടരുന്നു. ബുധനാഴ്‌ച രാവിലെ ഡൽഹിയിലെ ദൃശ്യപരിധി 50 മീറ്ററിലേക്ക് താഴ്ന്നു. വാഹനഗതാഗതത്തെ ഉൾപ്പെടെ ബാധിക്കുന്ന തരത്തിൽ ദൃശ്യപരിധി കുറഞ്ഞതോടെ അധികൃതർ ഡൽഹിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത മൂടൽമഞ്ഞ് റെയിൽ, വ്യോമ ഗതാഗതത്തെയും സാരമായി ബാധിച്ചു. പറന്നുയരാനാകാത്തതിനാൽ ഡൽഹി വിമാനത്താവളത്തിൽ നിന്നുള്ള 110 സർവ്വീസുകളാണ് വൈകുന്നത്. ഡൽഹി ലക്ഷ്യമാക്കിയുള്ള 25 ട്രെയിനുകൾ വൈകുന്നതായി ഉത്തര റെയിൽവേ അറിയിച്ചു.

റോഡുകളിലെ കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ഉത്തർപ്രദേശിൻറെ വിവിധ ഭാഗങ്ങളിൽ വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്തുതു. കാഴ്‌ച മറയ്ക്കുന്ന തരത്തിൽ അന്തരീക്ഷത്തിൽ മഞ്ഞ് നിറഞ്ഞതിനാൽ വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടങ്ങളുണ്ടായത്. ആഗ്ര-ലഖ്നൗ എക്‌സ്പ്രസ് വേയിലുണ്ടായ വിവിധ അപകടങ്ങളിലായി ഒരാൾ മരിക്കുകയും 12 പേർക്ക് പരിക്കേറ്റു. ബറേലിയിൽ ദേശീയപാതയിലൂടെ അമിതവേഗത്തിലെത്തിയ ലോറി വീട്ടിലേക്ക് ഇടിച്ചുകയറി. ഉത്തരേന്ത്യയിലെ മറ്റ് നഗരങ്ങളിലും കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ദൃശ്യപരിധി കുറഞ്ഞിരിക്കുകയാണ്. പാട്യാല, ലഖ്നൗ, പ്രയാഗ്രാജ് തുടങ്ങിയ നഗരങ്ങളിലെ ദൃശ്യപരിധി 25 മീറ്ററായപ്പോൾ അമൃത്സറിൽ ദൃശ്യപരിധി പൂജ്യത്തിലേക്ക് താഴ്ന്നു.


Previous Post Next Post